ജീപ്പിന്റെ ടയർ കുത്തിപ്പൊട്ടിച്ച് റൗഡി; പെരുവഴിയിലായി പൊലീസ് സംഘം
കൊച്ചി: റൗഡി പട്ടികയിൽപ്പെട്ട കുറ്റവാളി പ്രശ്നമുണ്ടാക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിന്റെ ടയർ റൗഡി കുത്തിപ്പൊട്ടിച്ചു. എ,എസ്.ഐയുടെ നേതൃത്വത്തിൽ റൗഡിയെ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തെങ്കിലും ടയർ മാറ്റിയിടുന്നതു വരെ പൊലീസ് പ്രദേശത്ത് കുടുങ്ങി.
വാഹനം തീവച്ചു നശിപ്പിച്ചത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുളവുകാട് സ്റ്റേഷനിലെ റൗഡി പട്ടികയിൽപ്പെട്ട പോഞ്ഞിക്കര പണ്ടാരപ്പറമ്പിൽ വീട്ടിൽ ശരത്ത് ബാബുവാണ് (35) പൊലീസ് ജീപ്പിന്റെ ടയർ കമ്പി ഉപയോഗിച്ചു കുത്തിപ്പൊട്ടിച്ചത്. മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പഴയ ബോൾഗാട്ടി റോഡിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ശരത്ത്ബാബു ബോൾഗാട്ടിയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്നതിനിടെ അയൽവാസിയായ സ്ത്രീയെ അസഭ്യം പറയുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് എ.എസ്.ഐ സജി മോന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയത്.
ജീപ്പ് റോഡിൽ നിറുത്തിയിട്ട് ഇടവഴിയിലൂടെ കയറി ശരത് ജോലി ചെയ്യുന്ന വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചതോടെ ഇയാൾ ജോലി മതിയാക്കി പുറത്തിറങ്ങുകയായിരുന്നു. തുടർന്നാണ് റോഡിൽ കിടന്ന പൊലീസ് ജീപ്പിന്റെ വലതു വശത്തെ മുൻ ടയർ കമ്പി ഉപയോഗിച്ചു കുത്തിപ്പൊട്ടിച്ചത്. ഇടവഴിയിലെ റോഡിൽ നിന്ന് ജീപ്പിനടുത്തെത്തിയ പൊലീസ് സംഘം ടയർ പൊട്ടിയിരിക്കുന്നത് കണ്ട് ശരത്ബാബുവിനെ പിന്തുടർന്ന് മിനിറ്റുകൾക്കകം കസ്റ്റഡിയിലെടുത്തു.
ടയർ ഊരിയെടുത്ത് ബോൾഗാട്ടി ജംഗ്ഷന് സമീപത്തെ വാഹന വർക്ക് ഷോപ്പിൽ കൊണ്ടുപോയി ട്യൂബ് മാറ്റി പഞ്ചറുമൊട്ടിച്ച് മാറ്റിയിട്ടാണ് പൊലീസ് സംഘം മുളവുകാട് പൊലീസ് സ്റ്റേഷനിൽ തിരികെയെത്തിയത്. പൊലീസ് ഡ്രൈവറായ എ.എസ്.ഐ സന്തോഷിന്റെ പരാതിയിൽ പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ശരത്ബാബുവിനെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സി.സി ടിവി ദൃശ്യങ്ങളിൽ പ്രതി ടയർ കുത്തിപ്പൊട്ടിക്കുന്നത് കിട്ടിയിട്ടുണ്ട്.