ടൂറിസ്റ്റ് ബസ് വീണ്ടും വില്ലനായി , ഇരിട്ടി പഴയ പാലത്തിന്റെ ഉയരഗേറ്റ് തകർത്തു
ഇരിട്ടി: പഴയപാലത്തിന്റെ സംരക്ഷണത്തിനായി പായം ഭാഗത്തു നിർമ്മിച്ച ഉയരഗേറ്റും ടൂറിസ്റ്റ് ബസ്സിടിച്ച് ഒടിഞ്ഞു. വയനാട്ടിൽ നിന്നും ആലക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സാണ് ഞായറാഴ്ച രാവിലെ 10 മണിയോടെ ഗേറ്റിന്റെ മുകൾ ഭാഗത്തെ ബീമിൽ ഇടിച്ചത്.
വലിയ വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കാതിരിക്കാനായി ഉയര ഗേറ്റ് സ്ഥാപിച്ച് രണ്ടാം ദിവസം ലോറിയിടിച്ച് ഇരിട്ടി ടൗൺ ഭാഗത്തെ ഗേറ്റിന്റെ മുകൾത്തട്ടിലെ ബീം ഒടിഞ്ഞിരുന്നു. തുടർന്ന് നാലാം ദിവസം പുലർച്ചെ മറ്റൊരു ടൂറിസ്റ്റ് ബസ് ഇടിച്ച് ഇതേ ഉയരഗേറ്റ് പൂർണ്ണമായും തകർത്തിരുന്നു.
ഇതിനെത്തുടർന്ന് പാലത്തിന്റെ ഇരുഭാഗത്തും സുരക്ഷാ ഡിവൈഡർ വെച്ച് വലിയ വാഹനങ്ങൾ പാലത്തിൽ കയറാത്തവിധം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ ഡിവൈഡർ എടുത്തു മാറ്റിയാണ് ടൂറിസ്റ്റ് ബസ് പാലത്തിലൂടെ കടന്നു പോയതും പായം ഭാഗത്തെ ഉയരഗേറ്റിൽ ഇടിച്ചതും. ബസിന്റെ മുകൾത്തട്ടിൽ സ്ഥാപിച്ച എ.സിയാണ് ഉയരഗേറ്റിന്റെ ബീമിൽ ഇടിച്ചത്. ഗേറ്റിനു മുകൾ ഭാഗത്തെ ബീമിന്റെ മദ്ധ്യഭാഗം ഒടിഞ്ഞ നിലയിലാണ്.
വലിയ ബസുകൾക്കും മറ്റും നിയന്ത്രണമേർപ്പെടുത്തിയ പാലത്തിലൂടെ ടൂറിസ്റ്റ് ബസ് വരുന്നതു കണ്ട് പ്രദേശത്തുള്ളവർ ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. ഇതിനു പിന്നാലെ മറ്റൊരു കെ.എസ്.ആർ.ടി.സി ബസ്സും പാലത്തിൽ കയറിയെങ്കിലും അബദ്ധം മസ്സിലാക്കിയ ഇവർ ബസ് പിന്നോട്ടെടുത്ത് പുതിയ പാലം വഴി കടന്നു പോയി. സംഭവത്തെ തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് ടൂറിസ്റ്റ് ബസ്സുകാരുമായി ഏറെനേരം തർക്കത്തിലേർപ്പെട്ടു. ബസ്സിലുള്ളവരെ സ്ഥലത്തെത്തിച്ച് തിരിച്ച് സ്റ്റേഷനിൽ എത്താൻ ബസ്സുകാരോട് പൊലീസ് ആവശ്യപ്പെട്ടു.