തമ്പാനൂർ റെയിൽവേസ്റ്റേഷൻ പാർക്കിംഗിൽ ഗുരുതര സുരക്ഷാവീഴ്ച...
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ. റെയിൽവേ എസ്.പി ഷഹൻഷയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫയർ ഓഡിറ്റിഗിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.
കരാർ അനുവദിച്ച പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലും അനധികൃതമായി പാർക്കിംഗ് നടത്തുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. പാർക്കിംഗ് ഏരിയയോട് ചേർന്നിടങ്ങളിൽ മാലിന്യക്കൂമ്പാരവും കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളും ഇന്ധന വാഹനങ്ങളും ഒരുമിച്ചുള്ള പാർക്കിംഗ് അതീവ അപകടകരമാണെന്നും പരിശോധന സംഘം മുന്നറിയിപ്പ് നൽകി. ഇലക്ട്രിക് വാഹനങ്ങളിൽ നിന്നുള്ള ബാറ്ററി ഷോർട്ട് സർക്യൂട്ട് വഴി തീ വേഗത്തിൽ സമീപവാഹനങ്ങളിലേക്ക് പടരാൻ സാദ്ധ്യതയുണ്ടെന്നും സംഘം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു. സുരക്ഷാ വീഴ്ചകൾ അടിയന്തരമായി പരിഹരിക്കണമെന്നും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്നും സംഘം നിർദ്ദേശിച്ചു.
പാലിക്കപ്പെടാതെ മാനദണ്ഡങ്ങൾ
പാർക്കിംഗിനായി പണം ഈടാക്കുമ്പോഴും ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഇരുചക്രവാഹന പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ നൂറുകണക്കിന് ബൈക്കുകൾ കത്തിനശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമ്പാനൂരിൽ സുരക്ഷാ പരിശോധന ശക്തമാക്കിയത്. പരിശോധന റിപ്പോർട്ട് ഉടൻ റെയിൽവേ അതോറിട്ടികൾക്ക് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തം: ശ്രദ്ധിക്കേണ്ടത്
വാഹനങ്ങൾ അകലത്തിൽ പാർക്ക് ചെയ്യുക
ഇലക്ട്രിക്ക് വാഹവങ്ങളും ഇന്ധന വാഹനങ്ങളും ഒരുമ്മിച്ച് പാർക്ക് ചെയ്യാതിരിക്കുക
കെ.സി.ബി ഇലക്ട്രിക് ലൈനുകൾ പാർക്കിംഗ് ഏരിയയിൽ ഉണ്ടാകരുത്
തീ പിടിക്കാൻ സാദ്ധ്യതയുള്ള വസ്തുകൾ(പേപ്പർ,പ്ളാസ്റ്റിക്) പാർക്കിംഗ് ഏരിയായിൽ ഉണ്ടാകരുത്
പാർക്കിംഗ് ഏരിയയിൽ ഫയർ പോയിന്റ് സ്ഥാപിക്കുക
തീപിടിത്തമുണ്ടായാൽ ഉടൻ തന്നെ നിയന്ത്രിക്കാനുള്ള പരിശീലനം നൽകിയവരെ നിയമിക്കുക
കാറുകൾ പാർക്ക് ചെയ്യുമ്പോൾ വാഹനത്തിൽ സ്ഫോടന വസ്തുകൾ (സിലണ്ടർ) പോലെയുള്ളവ ഇല്ലെന്ന് ഉറപ്പ് വരുത്തുക
പാർക്കിംഗ് ഏരിയയിൽ സി.സി.ടിവി ക്യാമറ സ്ഥാപിക്കുക
പാർക്കിംഗ് ഫീസ്- 2 മണിക്കൂർ ...
സൈക്കിൾ ........5 രൂപ
ഇരുചക്രവാഹനം മൂന്ന് .......10 രൂപ
നാല് ചക്ര വാഹനങ്ങൾ ......30 രൂപ
മിനി ബസ്..........130 രൂപ
2മുതൽ 8 മണിക്കൂർ വരെ -
10 രൂപ
20 രൂപ
50 രൂപ
270 രൂപ
8മുതൽ 24 മണിക്കൂർ വരെ -
10 രൂപ
30 രൂപ
80 രൂപ
360 രൂപ