തലശേരിയെ ആവേശത്തിലാഴ്ത്തി ഹെറിറ്റേജ് റൺ; കിരീടം കെനിയൻ താരം മെർഹാകിനും ആശയ്ക്കും ​

Monday 05 January 2026 12:04 AM IST
ഹെറിറ്റേജ് റണ്ണിൽ പുരുഷ വിഭാഗത്തിൽ ഒന്നാമതെത്തിയ കെനിയൻ താരം നെറിതു മെർഹാക് സുഗ്വ സ്പീക്കർ എ.എൻ. ഷംസീറിൽ നിന്ന് സമ്മാനത്തുക ഏറ്റുവാങ്ങുന്നു

തലശേരി: പൈതൃക നഗരിയെ ലോക കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അഞ്ചാമത് തലശേരി ഹെറിറ്റേജ് റൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഞായറാഴ്ച രാവിലെ വി.ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചു. പുരുഷ വിഭാഗത്തിൽ കെനിയൻ താരം നെറിതു മെർഹാക് സുഗ്വയും വനിതാ വിഭാഗത്തിൽ ആശയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

​ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയ 1800-ഓളം അത്‌ലറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്. തലശേരിയിലെ ചരിത്രപ്രസിദ്ധമായ 42 പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു 21 കിലോമീറ്റർ ദൈർഘ്യമുള്ള റൺ ആവിഷ്‌കരിച്ചത്. രാവിലെ 6.30-ന് ആരംഭിച്ച ഓട്ടത്തിൽ 890 പേർ നിശ്ചിത ദൂരം പൂർത്തിയാക്കി.

പുരുഷ വിഭാഗത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെറും മൂന്ന് സെക്കൻഡ് വ്യത്യാസത്തിലാണ് കെനിയൻ താരം മെർഹാക് ഒന്നാമതെത്തിയത്. വിജയികളായ മെർഹാകിനും ആശയ്ക്കും ഒരു ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ആർ.എസ്. മനോജ്, ഫാത്തിമ നെസ്ല എന്നിവർക്ക് 50,000 രൂപയും മൂന്നാം സമ്മാനമായ 25,000 രൂപ മനീഷ്, തലശേരിക്കാരിയായ അമയ സുനിൽ എന്നിവരും സ്വന്തമാക്കി.

​റയാൻ ശ്രീജിത്ത് (ഏറ്റവും പ്രായം കുറഞ്ഞയാൾ), വി. വാസു (മുതിർന്നവർ), ടി.കെ. ഹജാസ് (പ്രത്യേക പരിഗണന വിഭാഗം) എന്നിവർ പതിനായിരം രൂപ വീതം സമ്മാനത്തിന് അർഹരായി. മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ വിജയന് പ്രത്യേക സമ്മാനവും നൽകി. സമാപന സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.

മത്സരത്തിൽ പങ്കെടുത്തത് മാതാവിന്റെ

ചികിത്സയ്ക്കായി: ആശ

​രോഗശയ്യയിലായ തന്റെ മാതാവിന്റെ ചികിത്സാ ചെലവിനായി പണം കണ്ടെത്താനാണ് മത്സരത്തിൽ പങ്കെടുത്തതെന്ന വനിതാ ജേതാവ് ആശയുടെ വാക്കുകൾ വേദിയെ നൊമ്പരപ്പെടുത്തി. ആശയുടെ മാതാവിന്റെ ചികിത്സാ സഹായത്തിനായി ഒരു വിഹിതം നൽകാമെന്ന് ഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ് കെ.എസ്.എ ചടങ്ങിൽ വാഗ്ദാനം ചെയ്തു. അടുത്ത വർഷം തലശേരിക്കാർ ഒന്നാം സ്ഥാനത്തെത്തിയാൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഒന്നര ലക്ഷം രൂപ വീതം സമ്മാനം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.