അഞ്ച് ജില്ലകളിൽ നിന്ന് 40 സീറ്റ്,​ 85 സീറ്റുകളിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്

Sunday 04 January 2026 11:32 PM IST

സുൽത്താൻ ബത്തേരി : തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബത്തേരിയിൽ നടക്കുന്ന കോൺഗ്രസിന്റെ ലക്ഷ്യ ക്യാമ്പ്. 85 മണ്ഡലങ്ങളിൽ യു.ഡി.എഫിന് വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഇതു സംബന്ധിച്ച് തന്ത്രപ്രധാനമായ ചർച്ചയിലാണ് കോൺഗ്രസ്. മേഖല തിരിച്ചുള്ള അവലോകന യോഗത്തിൽ ആണ് ഈ വിലയിരുത്തൽ . അഞ്ച് ജില്ലകളിൽ നിന്ന് മാത്രമായി 40ലധികം സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ . മലപ്പുറം,​ പാലക്കാട്,​ തൃശൂർ,​ ഇടുക്കി,​ എറണാകുളം ജില്ലകളിൽ വൻ മുന്നേറ്റമുണ്ടാകുമെന്നാണ് കോൺഗ്രസ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ 100 സീറ്റിൽ വിജയം നേടുക എന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുക എന്നതാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കാസ‌ർകോട് 5ൽ 3,​ കണ്ണൂർ 14ൽ 4,​ കോഴിക്കോട് 13ൽ 8,​ വയനാട് 3ൽ 3,​ പാലക്കാട് 12ൽ 5,​ തൃശൂർ 13ൽ 6,​ എറണാകുളം 14ൽ 12,​ ഇടുക്കി 5ൽ4,​ ആലപ്പുഴ 9ൽ4,​ കോട്ടയം 8ൽ 5,​ പത്തനംതിട്ട 5ൽ 5,​ കൊല്ലം 11ൽ 6,​ തിരുവനന്തപുരം 14ൽ 4,​ മലപ്പുറം 16ൽ 16 എന്നിങ്ങനെയാണ് കണക്കുകൂട്ടൽ.

ഓരോ ജില്ലയിലെയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം,​ നിയമസഭാ സാദ്ധ്യതകൾ എന്നിവയിൽ മൂന്നുമേഖലകളായി തിരിഞ്ഞുള്ള ചർച്ച നാളെയും തുടരും. തിരഞ്ഞെടുപ്പ് പ്രവ‌ർത്തന മാർഗരേഖ തിങ്കളാഴ്ച കെ.പി.സി.സി പ്രസിഡന്റ് അവതരിപ്പിക്കും. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും പ്രാഥമിക രൂപവുമുണ്ടാക്കും.