യുവതിയെ കടന്നുപിടിച്ച കൊലക്കേസ് പ്രതി പിടിയിൽ

Monday 05 January 2026 12:15 AM IST

കോന്നി : യുവതിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചശേഷം ഒളിവിൽ പോയ പ്രതിയെ കോന്നി പൊലീസ് അറസ്റ്റുചെയ്തു. വി.കോട്ടയം താന്നിക്കുഴി പാറയിൽതെക്കതിൽ വീട്ടിൽ വിഷ്ണു (43) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. റബർതോട്ടത്തിൽ വിറക് ശേഖരിച്ചുകൊണ്ടിരിക്കെ യുവതിയെ പ്രതി പിന്നിലൂടെ വന്ന് കടന്നുപിടിച്ചു. കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നൈറ്റിയിൽ പിടിച്ച് വലിച്ചുകീറുകയും ചെയ്തു. സംഭവത്തിന് ശേഷം പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി ഒളിവിൽപ്പോയി. കഴിഞ്ഞ ദിവസം രഹസ്യമായി വീട്ടിലെത്തിയ ഇയാളെ കോന്നി പൊലീസ് ഇൻസ്‌പെക്ടർ രാജഗോപാൽ ബി.യുടെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്യാം.എസ്.എസ്., അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അഭിലാഷ്, സി.പി.ഒ ജോമോൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോന്നി പൊലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽപ്പെട്ട ഇയാൾ 2018 ലെ നരഹത്യാശ്രമക്കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.