' മേയറാക്കുമെന്ന വാഗ്ദാനത്തിലാണ് മത്സരിച്ചത് '

Monday 05 January 2026 12:17 AM IST

തിരുവനന്തപുരം: മേയറാക്കുമെന്ന വാഗ്ദാനത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്‌തമംഗലം കൗൺസിലറുമായ ആർ.ശ്രീലേഖ പറഞ്ഞു. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.

മത്സരിക്കാൻ ആദ്യം വിസമ്മതിച്ചയാളാണ്. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖമായി മത്സരിക്കണമെന്നാണ് പാർട്ടി പറഞ്ഞത്. തിരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കാനും എന്നെ ചുമതലപ്പെടുത്തി. അവസാന നിമിഷം വരെയും ഞാനും മേയറാകുമെന്നാണ് കേട്ടത്. എന്നാൽ അവസാന നിമിഷം മാറി.

രാജേഷിന് മേയറായും ആശാനാഥിന് ഡെപ്യൂട്ടി മേയറായും മികച്ചനിലയിൽ പ്രവർത്തിക്കാനാകുമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയത് കൊണ്ടാകും അത്തരമൊരു തീരുമാനമെടുത്തത്. അത് ഞാൻ അംഗീകരിക്കുന്നു, അതിൽ തർക്കമില്ല. രാഷ്ട്രീയത്തിൽ ഓരോരുത്തരുടെയും താത്പര്യത്തിന് അനുസരിച്ച് കാര്യങ്ങൾ മാറാം. കേന്ദ്രം ഇത്തരമൊരു തീരുമാനമെടുത്തപ്പോൾ അതിനെ എതിർത്ത് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ എനിക്ക് കഴിയില്ല. എന്നെ ജയിപ്പിച്ച കുറച്ച് ആളുകൾ ഇവിടെയുണ്ട്. ജയിപ്പിച്ചവരോട് കൂറുള്ളതിനാൽ അഞ്ചുവർഷം കൗൺസിലറായി തുടരാമെന്ന് തീരുമാനിച്ചു. ചിലപ്പോൾ അത് നല്ലതിനായിരിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.