വീട്ടിൽ കയറി മർദ്ദിച്ച് ഭീഷണിപ്പെടുത്തി കവർച്ച; ആസൂത്രണം നടത്തിയ അഞ്ചു പേർ കൂടി അറസ്റ്റിൽ

Monday 05 January 2026 12:21 AM IST

കവർച്ചാസംഘം ലക്ഷ്യം വച്ചത് കോടികൾ

പെരിന്തൽമണ്ണ: പാണ്ടിക്കാട് കുറ്റിപ്പുളിയിൽ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അഞ്ചു പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശി വടക്കൻതിരക്കോട്ട് അബ്ദുൾ റൗഫ് (40), മഞ്ചേരി പുല്ലാര മൂച്ചിക്കൽ സ്വദേശികളായ പാങ്ങോട്ടിൽ പുല്ലുപാറമ്മൽ ഉമ്മർ (49) കൊണ്ടോട്ടിപ്പറമ്പിൽ സവാദ് (32), മമ്പാട് ബീമ്പുങ്ങൽ സ്വദേശി കമ്പളത്ത് മുഹമ്മദ് ഷിഹാൻ(20), ഒടായിക്കൽ സ്വദേശി പനയംതൊടിക അഫിൻ(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ഡിവൈ.സ്‌.പി എ.പ്രേംജിത്ത്, പാണ്ടിക്കാട് ഇൻസ്‌പെക്ടർ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ മുഖ്യസൂത്രധാരൻമാരയ പത്തുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് പിടികൂടിയ ബേപ്പൂർ നടുവട്ടം സ്വദേശി കെ.വി.മൻസിൽ വീട്ടിൽ അനീസ് (31),​ പന്തീരങ്കാവ് സ്വദേശി കൊളക്കോത്ത് നിജാസ് (40), കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി അൽ തക്വാ വീട്ടിൽ മുഹമ്മദ് ആരിഫ് (36), ആനമാട് സ്വദേശി മഞ്ഞാളംപറമ്പ് അബ്ദുൾ റാഷിഖ് (38), മാറാട് സ്വദേശി ക്ലായിൽ മുഹമ്മദ് സഫീർ (33) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും പത്തുകോടിയിലധികം രൂപ ലക്ഷ്യം വച്ചാണ് പ്രതികൾ പാണ്ടിക്കാടെത്തിയതെന്നും പ്രതികളുടെ മൊഴിയിൽ നിന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തെകുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പ്രൊഫഷണൽ കവർച്ചാകേസുകളിലെ പ്രതികളായ അഞ്ചുപേരാണ് പിടിയിലായത്. കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്നും പെരിന്തൽമണ്ണ ഡിവൈസ്പി എ.പ്രേംജിത്ത് അറിയിച്ചു. മലപ്പുറം ജില്ലാ പൊലീസ്‌ മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പെരിന്തൽമണ്ണ എസ്.ഐ. ജിതിൻ വാസ് , എ.എസ്.ഐ. ബൈജു കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവരും ഡാൻസാഫ് സ്‌ക്വാഡുമാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്.