ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

Monday 05 January 2026 12:22 AM IST

കൊടുങ്ങല്ലൂർ: ദേശീയപാത നിർമ്മാണ സൈറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. പുല്ലൂറ്റ് ഉഴവത്തുംകടവ് ചക്കാണ്ടി വീട്ടിൽ വിഷ്ണു (27), പുല്ലൂറ്റ് പുതിയ പോസ്റ്റ് ദേശം വള്ളുവൻ പറമ്പത്ത് കാർത്തിക് (23), മേത്തല വില്ലേജ് എൽത്തുരുത്ത് കുന്നുംപുറം ഐരാട്ട് ജിത്തു (29) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാത 66ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കോടതി ഉത്തരവോടെ പുല്ലൂറ്റ് മഞ്ഞനപ്പള്ളിക്ക് സമീപമുള്ള സൈറ്റിൽ നിന്ന് മണ്ണ് കൊണ്ടുപോകുന്നത് തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ലോറികൾ തടയുകയും, ഓരോ ലോഡ് മണ്ണിനും 1000 രൂപ വീതം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിനാണ് അറസ്റ്റ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അരുൺ ബി.കെ., എസ്.ഐ.സാലിം കെ., സജിൽ കെ.ജി., സി.പി.ഒ കിരൺ, ഷമീർ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.