വിമാനത്തിൽ പവർ ബാങ്കിന് വിലക്ക്

Monday 05 January 2026 1:28 AM IST

ന്യൂഡൽഹി: വിമാനത്തിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിലക്കി. സീറ്റിന് സമീപത്തെ സ്വിച്ച് ബോർഡിൽ പവർ ബാങ്ക് ചാർജ് ചെയ്യുന്നതും വിലക്കി. വിമാനത്തിലെ യു.എസ്.ബി പോർട്ടുകളും ഉപയോഗിക്കരുത്. പവർ ബാങ്കിലെ ലിഥിയം ബാറ്ററികൾ തീപിടിക്കുന്ന സംഭവങ്ങളുണ്ടായതിനെ തുടർന്നാണ് നിർദ്ദേശം.

ചെക്ക് ഇൻ ബാഗേജുകളിലും അനുവദിക്കില്ല. പവർ ബാങ്കുള്ള ഹാൻഡ് ലഗേജ് കൈവശം വയ്‌ക്കണം. സീറ്റിന് മുകളിലെ സ്റ്റോറേജ് കമ്പാർട്ടുമെന്റിൽ ഇവയടങ്ങിയ ലഗേജ് അനുവദിക്കില്ല. തീപിടിത്ത സാഹചര്യമുണ്ടായാൽ അതിവേഗം കണ്ടെത്തി അണയ്‌ക്കാനും, സുരക്ഷ ഉറപ്പാക്കാനുമാണിത്. എല്ലാ വിമാനകമ്പനികൾക്കും നിർദ്ദേശം കൈമാറി.