പുതിയ തൊഴിലുറപ്പ് നയം: കോൺ. പ്രക്ഷോഭത്തിന് മേൽനോട്ടത്തിന് സമിതി
Monday 05 January 2026 12:31 AM IST
ന്യൂഡൽഹി: "മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ രക്ഷിക്കൂ" എന്ന മുദ്രാവാക്യമുയർത്തി 10 മുതൽ തുടങ്ങുന്ന പ്രക്ഷോഭത്തിന്റെ മേൽനോട്ടത്തിന് ഏകോപന സമിതി രൂപീകരിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് അജയ് മാക്കനാണ് കൺവീനർ. ജയറാം രമേശ്, സന്ദീപ് ദീക്ഷിത്, ഡോ. ഉദിത് രാജ്, പ്രിയങ്ക് ഖാർഗെ, ഡി. അനസൂയ സീതക്ക, ദീപിക പാണ്ഡെ സിംഗ്, ഡോ. സുനിൽ പൻവർ, മനീഷ് ശർമ്മ എന്നിവരാണ് സമിതിയംഗങ്ങൾ. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള പദ്ധതി മോദി സർക്കാർ അട്ടിമറിച്ചെന്നും പകരം കൊണ്ടുവന്ന വിബി-ജി റാം ജി ബിൽ കരിനിയമമാണെന്നുമാണ് കോൺഗ്രസ് നിലപാട്. 10 മുതൽ 45 ദിവസത്തെ പ്രതിഷേധമാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.