എളമരം കരീം സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി
ന്യൂഡൽഹി: വിശാഖപട്ടണത്ത് നടന്ന സി.ഐ.ടി.യു 18ാമത് അഖിലേന്ത്യാ സമ്മേളനം എളമരം കരീമിനെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സുദീപ് ദത്തയാണ് പ്രസിഡന്റ്. ട്രഷറർ എം. സായ് ബാബു. സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് എളമരം കരീം. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മുമ്പ് ഇ.ബാലാനന്ദൻ കേരളത്തിൽ നിന്ന് ദേശീയ പ്രസിഡന്റായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് മലയാളിയായ എ.കെ. പദ്മനാഭനും ദേശീയ പ്രസിഡന്റ് പദവിയിലെത്തിയിട്ടുണ്ട്.
40 വയസുള്ള സുദീപ് ദത്ത ദേശീയ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ നേതാവാണ്. ദേശീയ സെക്രട്ടറിയായിരുന്നു. ബംഗാൾ സ്വദേശി. 42 അംഗ ദേശീയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. 13 വൈസ് പ്രസിഡന്റുമാർ. 23 സെക്രട്ടറിമാർ. കേരളത്തിൽ നിന്ന് ടി.പി.രാമകൃഷ്‌ണൻ, പി.നന്ദകുമാർ എം.എൽ.എ, ജെ.മേഴ്സിക്കുട്ടി അമ്മ, കെ.ചന്ദ്രൻ പിള്ള എന്നിവർ വൈസ് പ്രസിഡന്റുമാരായി. സെക്രട്ടറിമാരായി കേരളത്തിൽനിന്ന് കെ.എൻ. ഗോപിനാഥ്, ദീപ കെ.രാജൻ എന്നിവരുമുണ്ട്. കേന്ദ്ര സെന്ററിൽ പ്രവർത്തിക്കുന്ന മലയാളിയായ എ.ആർ. സിന്ധു സെക്രട്ടറിയായി തുടരും.