പ്രകാശ് ജാവ്ദേക്കർ വെള്ളാപ്പള്ളിയെ സന്ദർശിച്ചു
ചേർത്തല: അഹമ്മദാബാദ് കോർപ്പറേഷൻ ഭരണം പിടിച്ചതിന് ശേഷമാണ് ബി.ജെ.പി ഗുജറാത്തിലെ സംസ്ഥാന ഭരണത്തിലെത്തിയതെന്നും അതിന്റെ തുടർച്ചയാണ് കേരളത്തിൽ ആവർത്തിക്കാൻ പോകുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കർ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിൽ സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ 10.30 ഓടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയ ജാവ്ദേക്കർ ഉച്ചയോടെയാണ് മടങ്ങിയത്. വികസനം എന്തായിരിക്കുമെന്നതിനുള്ള നേർക്കാഴ്ചയായിരിക്കും തിരുവനന്തപുരത്ത് തെളിയുന്നതെന്നും ജാവ്ദേക്കർ പറഞ്ഞു. ബി.ജെ.പി വടക്കൻ മേഖല പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്,തെക്കല മേഖല പ്രസിഡന്റ് സന്ദീപ് വചസ്പതി,കോട്ടയം മേഖല പ്രസിഡന്റ് എൻ.ഹരി,സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ,ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ്,ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ,അരുൺ അനിരുദ്ധ് എന്നിവരും ഒപ്പമുണ്ടായിരുന്നു.