വെനസ്വേല കഴിഞ്ഞു 'വൈകാതെ ഗ്രീൻലാൻഡ്', പോസ്റ്റുമായി ട്രംപിന്റെ അടുത്ത വൃത്തങ്ങൾ, ആശങ്ക

Monday 05 January 2026 7:29 AM IST

വാഷിംഗ്‌ടൺ ഡിസി: വെനസ്വലയിൽ സൈനികാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ളോറൻസിനെയും അമേരിക്ക പിടിച്ചുകൊണ്ടുപോയിരുന്നു. ഇവരുടെ കുറ്റവിചാരണ വൈകാതെ അമേരിക്കയിൽ ആരംഭിക്കാനിരിക്കുകയാണ്. ഇതിനിടെ ലോകത്തിലെ ഏറ്റവും വലിയ ദ്വീപും ഡാനിഷ് അധീനപ്രദേശവുമായ ഗ്രീൻലാൻഡ് അമേരിക്കയുടെ കീഴിലാകുമെന്ന് സൂചിപ്പിച്ച് പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ചർച്ചയാകുകയാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അടുത്ത അനുയായിയും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ സ്റ്റീഫൻ മില്ലറുടെ ഭാര്യ കാറ്റി മില്ലറാണ് ഇത്തരമൊരു പോസ്റ്റ് എക്‌സിൽ പങ്കുവച്ചത്.

അമേരിക്കൻ കൊടിയിൽ മുങ്ങിനിൽക്കുന്ന ഗ്രീൻലാൻഡിന്റെ ചിത്രത്തിൽ 'വൈകാതെ' എന്ന കുറിപ്പുമായാണ് പോസ്റ്റ്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് വൈസ് പ്രസി‌‌ഡന്റായിരുന്ന മൈക് പെൻസിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടറായി കാറ്റി ജോലി നോക്കിയിട്ടുണ്ട്. ട്രംപിന്റെ അടുത്ത അനുയായിയാണ്. അതിനാൽതന്നെ കാറ്റിയുടെ പോസ്റ്റ് ആശങ്കയുളവാക്കിയിട്ടുണ്ട്.

ഡെന്മാർക്ക് ഭരണകൂടമാണ് ഗ്രീൻലാൻഡിലെ ഭരണം നടത്തുന്നത്. മാത്രമല്ല നാറ്റോ അംഗത്വവുമുണ്ട്. ഗ്രീൻലാൻഡിലെ ജനങ്ങൾക്ക് ഇവിടങ്ങളിലെ തിരിച്ചറിയൽ രേഖകളുണ്ട്. ഏറെനാളായി അമേരിക്ക ഗ്രീൻലാൻഡ് സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. ആർട്ടിക്‌ മേഖലയിലെ സുരക്ഷയെ മുൻനിർത്തിയാണിത്.

അതേസമയം ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ അമേരിക്കയോട് ഇത്തരം ഭീഷണികൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. 'ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു എന്ന വാദം ശരിയല്ല. ഡാനിഷ് കിംഗ്‌ഡത്തിലെ മൂന്ന് രാജ്യങ്ങളിൽ ഒന്നിനെയും ഏറ്റെടുക്കാൻ അമേരിക്കയ്‌ക്ക് അവകാശമില്ല.' മെറ്റെ പറഞ്ഞു.ഗ്രീൻലാൻഡിലെ പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് പോസ്റ്റിൽ മറുപടിയൊന്നും നൽകിയിട്ടില്ല. മുൻപ് അമേരിക്കൻ കോൺഗ്രസിൽ പ്രസംഗിക്കവെ ട്രംപ് ഗ്രീൻലാൻഡിനെ അമേരിക്കയിൽ ചേർക്കേണ്ടതിനെക്കുറിച്ച് പറഞ്ഞിരുന്നു. 'ദേശീയ സുരക്ഷയ്‌ക്കും അന്താരാഷ്‌ട്ര സുരക്ഷയ്‌ക്കും അത് പ്രധാനം' എന്നാണ് അന്ന് ട്രംപ് വ്യക്തമാക്കിയത്.