വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ:വെനസ്വേലയിൽ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസ് (56) യു.എസുമായി സഹകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇല്ലെങ്കിൽ രണ്ടാമതൊരു ആക്രമണത്തിന് മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പും നൽകി. സൈന്യത്തെ വിന്യസിക്കാനുള്ള സാദ്ധ്യത തള്ളിയിട്ടില്ല. അമേരിക്കൻ എണ്ണക്കമ്പനികൾ വെനസ്വേലയിലേക്ക് പ്രവേശിക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
# 40 മരണം
വെനസ്വേലയിൽ ശനിയാഴ്ച പുലർച്ചെ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ സൈനികരും സാധാരണക്കാരും അടക്കം 40 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. വെനസ്വേല അധികൃതർ ഔദ്യോഗികമായി കണക്കു പുറത്തുവിട്ടിട്ടില്ല. സിവിലിയൻ പ്രദേശങ്ങളും ആക്രമിച്ചെന്നാണ് ആരോപണം. മഡുറോയ്ക്ക് സുരക്ഷയേകിയ നിരവധി ക്യൂബക്കാർ കൊല്ലപ്പെട്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
-----------------------
ലോകത്തെ എണ്ണ സമ്പത്തിന്റെ അഞ്ചിലൊന്നും വെനസ്വേലയിൽ
രാജ്യം - ക്രൂഡ് ഓയിൽ ശേഖരം (ബില്യൺ ബാരലിൽ)
വെനസ്വേല - 303 ( 19.4)
സൗദി - 267 ( 17.1)
ഇറാൻ - 209 (13.3)
കാനഡ - 171 ( 10.9)
ഇറാഖ് - 145 (9.3)
യു.എ.ഇ - 113 (7.2)
കുവൈറ്റ് - 102 ( 6.5)
റഷ്യ - 80 ( 5.1)
ലിബിയ - 48 (3.1)
യു.എസ് - 45 (2.9)
-----------------------
അനുകൂലിച്ചും പ്രതികൂലിച്ചും ലോകം
വെനസ്വേലയിലെ യു.എസ് നടപടിയെ എതിർത്തും അനുകൂലിച്ചും ലോകരാജ്യങ്ങൾ. നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഒരു ഭാഗം ചൂണ്ടിക്കാട്ടുന്നു. സ്വേച്ഛാധിപതിയെ പുറത്താക്കിയെന്ന് മറുവശവും. ചൈന, റഷ്യ, ഇറാൻ, ബ്രസീൽ, കൊളംബിയ, മെക്സിക്കോ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തെ ശക്തമായി അപലപിച്ചു.
മഡുറോയേയും ഭാര്യയേയും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ചൈന, യു.എസിന്റേത് ആധിപത്യപരമായി പ്രവർത്തനമാണെന്ന് വിമർശിച്ചു. 'അടിസ്ഥാനരഹിതമായ ന്യായീകരണങ്ങളോടെയുള്ള ആക്രമണം" എന്നാണ് ദൗത്യത്തെ റഷ്യയെ വിശേഷിപ്പിച്ചത്.
ഇസ്രയേൽ, അർജന്റീന, ഇക്വഡോർ, അൽബേനിയ, ഇറ്റലി എന്നീ സുഹൃദ് രാജ്യങ്ങൾ യു.എസിനെ അഭിനന്ദിക്കുകയും പിന്തുണയ്ക്കും ചെയ്തു. എന്നാൽ, പല പാശ്ചാത്യ രാജ്യങ്ങളും മഡുറോ ഭരണം അവസാനിച്ചതിൽ 'ആശ്വാസം" പ്രകടിപ്പിച്ചെങ്കിലും യു.എസിന്റെ നടപടിയിലെ നിയമസാധുതയിൽ ആശങ്ക പ്രകടിപ്പിച്ചു.
മഡുറോയെ തള്ളിയ യൂറോപ്യൻ യൂണിയൻ, എല്ലാ നടപടികളും യു.എൻ ചാർട്ടറിനെ മാനിച്ചുകൊണ്ടാകണമെന്ന് ഓർമ്മിപ്പിച്ചു. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയവർ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് സൂചിപ്പിച്ചു. മഡുറോയ്ക്ക് എതിരാണെങ്കിലും യു.എസിന്റെ ആക്രമണത്തെ അംഗീകരിക്കാനാകില്ലെന്ന് സ്പെയിൻ നിലപാടറിയിച്ചു. സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച ലിയോ പതിനാലാമൻ മാർപാപ്പ, വെനസ്വേലയുടെ പരമാധികാരം ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്തു.