മഡുറോ സത്യസായി ബാബയുടെ ഭക്തൻ
കാരക്കാസ്: നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും ഇന്ത്യൻ ആത്മീയാചാര്യൻ സത്യസായി ബാബയുടെ ഭക്തരായിരുന്നു. 2005ൽ ഇരുവരും പുട്ടപർത്തിയിലെ പ്രശാന്തിനിലയത്തിലെത്തി ബാബയെ സന്ദർശിച്ചതിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്.
വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ 1974ൽ സത്യസായി ബാബയുടെ ആശ്രമം തുറന്നിരുന്നു. ഹ്യൂഗോ ഷാവേസ്, സൈമൺ ബൊളീവർ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം ബാബയുടെ ചിത്രവും മഡുറോ ഓഫീസിൽ സൂക്ഷിച്ചിരുന്നു.
2011ൽ ബാബ സമാധിയായപ്പോൾ വെനസ്വേലൻ പാർലമെന്റിൽ അനുശോചന പ്രമേയം അവതരിപ്പിക്കാൻ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന മഡുറോ മുൻകൈയ്യെടുത്തിരുന്നു. മാനവികതയ്ക്കായുള്ള ഗുരുവിന്റെ ആത്മീയ സംഭാവനകളെ മുൻനിറുത്തിയും വെനസ്വേലൻ ജനതയിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം പരിഗണിച്ചും രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബാബയുടെ സമാധിക്കു ശേഷവും മഡുറോ ആശ്രമം സന്ദർശിച്ചിരുന്നു. സിലിയയിൽ നിന്നാണ് മഡുറോ സത്യസായി ബാബയുടെ ആശയങ്ങളിലേക്ക് ആകൃഷ്ടനായതെന്ന് പറയപ്പെടുന്നു.