ഇനി നേമത്ത്‌ മത്സരിക്കാനില്ലെന്ന് ശിവൻകുട്ടി, പാർട്ടി തീരുമാനം അനുസരിക്കുമെന്ന് വിശദീകരണം

Monday 05 January 2026 9:28 AM IST

തിരുവനന്തപുരം: നേമത്ത് മത്സരിക്കാൻ ഇനി താനില്ലെന്ന് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം താൻ നേമത്ത് നിന്നും മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവൻകുട്ടി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.

നേമത്ത് നിന്നും താൻ മൂന്ന് വട്ടം മത്സരിച്ചതായും രണ്ട് തവണ ജയിച്ചെന്നും ശിവൻകുട്ടി പറഞ്ഞു. ഒരിക്കൽ ഒ രാജഗോപാലിനെയും പിന്നീട് കുമ്മനം രാജശേഖരനെയും തോൽപ്പിച്ചു. ഇടത്‌ മുന്നണിയും സിപിഎമ്മും നേമത്ത് ആര് മത്സരിക്കണമെന്ന് തീരുമാനിക്കും അത് അനുസരിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. 40 വർഷക്കാലമായി പാർട്ടി എടുക്കുന്ന തീരുമാനമാണ് തന്റെ തീരുമാനമെന്നും അതിനനുസരിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഇടത് മുന്നണിയും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന നിയമസഭാ മണ്ഡലമാണ് നേമം. ഇക്കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മണ്ഡലം ബിജെപിക്കൊപ്പമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപിയിൽ നിന്ന് സൂചനകൾ വന്നത്. 2016ൽ നേമത്ത് ഒ രാജഗോപാൽ വിജയിച്ച് കേരളനിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്നിരുന്നു. എന്നാൽ 2021ലെ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ 3949 വോട്ടുകൾക്ക് പരാജയപ്പെടുത്തി വി ശിവൻകുട്ടിയാണ് നേമം ബിജെപിയിൽ നിന്ന് തിരികെ പിടിച്ചത്.