ഇടപാടുകൾ മാസാവസാനത്തേക്ക് നീട്ടേണ്ട, തുടർച്ചയായ നാലുദിവസം ബാങ്കുകൾ പ്രവർത്തനരഹിതമാകും

Monday 05 January 2026 1:05 PM IST

ന്യൂഡൽഹി: ജനുവരി 27ന് രാജ്യമാകെ പണിമുടക്കിനൊരുങ്ങി ബാങ്ക് ജീവനക്കാർ. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ച് ആക്കണമെന്ന ശുപാർശ രണ്ട് വർഷമായി കേന്ദ്രം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

ജനുവരി 26 റിപ്പബ്ലിക്ക് ദിനമായതിനാൽ അന്ന് ബാങ്കുകൾക്ക് അവധിയായിരിക്കും. പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങൾ ശനി, ഞായർ ദിവസങ്ങൾ ആയതിനാൽ ആ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. അങ്ങനെയാകുമ്പോൾ പണിമുടക്ക് ദിവസമായ 27-ാം തീയതി ഉൾപ്പെടെ തുടർച്ചയായ നാലു ദിവസങ്ങളിൽ (24 മുതൽ 27 വരെ) ബാങ്കുകൾ പ്രവർത്തനരഹിതമാകും.

ബെഫി, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ ഒമ്പത് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ച് ദിവസമാക്കുന്നതിനായി ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ്‌ അസോസിയേഷൻ (ഐബിഎ) 2023ൽ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. എന്നാൽ പിന്നീട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ശുപാർശയിന്മേൽ നടപടിയെടുത്തില്ല.

കഴിഞ്ഞ വർഷം മാർച്ചിൽ പ്രവർത്തിദിവസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തി യുഎഫ്ബിയു നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങൾ ചർച്ചചെയ്‌ത് തീരുമാനം എടുക്കാമെന്ന ഉറപ്പിന്മേലാണ് പണിമുടക്ക് പിൻവലിച്ചത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ വിഷയം പരിഗണിക്കാത്തതിനെ തുടർന്നാണ് വീണ്ടും പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.