ദോഷങ്ങളും ദുരിതങ്ങളുമകറ്റാൻ അയ്യപ്പന്റെ ചൈതന്യം, ചെയ്യേണ്ട വഴിപാട് ഇതാണ്
ഏഴാച്ചേരി: ഏരുമേലി പേട്ടകെട്ടിന് മുന്നോടിയായി കാണിക്കിഴി സമർപ്പിക്കാൻ പ്രസിദ്ധമായ ആലങ്ങാട്ട് സംഘം 8ന് രാവിലെ ഏഴിന് ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെത്തും. പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം കാണിക്കിഴി സമർപ്പിക്കുന്ന ഏക ക്ഷേത്രമാണിത്.
യോഗപെരിയോൻ പുറയാറ്റിക്കളരിയിൽ രാജേഷ് കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാവിൻപുറം ക്ഷേത്രത്തിലെത്തുന്നത്. ഇതോടൊപ്പം സമൂഹ നീരാജന സമർപ്പണവുമുണ്ട്. ആലങ്ങാട്ട് സംഘം അയ്യപ്പചൈതന്യമായി കൊണ്ടുവരുന്ന ഗോളകയിൽ ഭക്തർ നേരിട്ട് നീരാജനം ഉഴിഞ്ഞ് ദോഷപരിഹാരം നടത്തുന്ന വഴിപാടും കാവിൻപുറം ക്ഷേത്രത്തിൽ മാത്രമേയുള്ളൂ.
എത്തിച്ചേരുന്ന ഓരോ ഭക്തർക്കും നേരിട്ട് അയ്യപ്പചൈതന്യത്തിന് മുന്നിൽ നീരാജനം ഒഴിയാനുള്ള അവസരമാണ് ലഭിക്കുന്നത്. ശബരിമല യാത്ര നടത്താൻ കഴിയാത്തവർക്ക് ജാതിമതപ്രായഭേദമന്യെ ആലങ്ങാട്ട് സംഘത്തോടൊപ്പം എത്തുന്ന അയ്യപ്പചൈതന്യത്തിന് മുന്നിൽ നേരിട്ട് നീരാജനം ഉഴിയാൻ കഴിയും. ഇതിനാവശ്യമായ നാളികേരവും എള്ളുതിരിയും താലവുമെല്ലാം കാവിൻപുറം ക്ഷേത്രത്തിൽ നിന്ന് നല്കും.
സമൂഹ നീരാജനത്തിന് ശേഷം ആലങ്ങാട്ട് സംഘത്തിന് പ്രാതൽ സമർപ്പണവും നടത്തും. എരുമേലി പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം വിശേഷാൽ പൂജകൾ നടത്തുന്നതും കാവിൻപുറത്താണ്. പേട്ടകെട്ടിന് മുന്നോടിയായുള്ള സർവ്വദോഷ പരിഹാരാർത്ഥമാണ് കാോവിൻപുറത്തെ ഉമാമഹേശ്വരൻമാർക്ക് ആലങ്ങാട്ട് സംഘം കാണിക്കിഴി സമർപ്പിക്കുന്നത്. അയ്യപ്പചൈതന്യത്തിന് മുന്നിൽ നേരിട്ട് നീരാജനം ഉഴിയാൻ ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9744260444