മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ, ഉച്ചകോടിയിൽ ചർച്ചയാകാതെ കാശ്മീർ

Saturday 12 October 2019 2:59 PM IST

മാമല്ലപുരം: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് ഭീകരവാദം ഉന്നയിച്ചു. തീവ്രവാദമെന്ന വെല്ലുവിളികളെ നേരിടേണ്ടത് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ്‌ലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം കാശ്മീർ പ്രശ്‌നം ഉന്നയിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും വിജയ് ഗോഖ്‌ലെ കൂട്ടിച്ചേർത്തു.

വ്യാപാരകമ്മി പരിഹരിക്കാൻ ഉന്നതതല സംവിധാനം കൊണ്ടുവരാനും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായി. നിർമല സീതാരാമനാണ് ഉന്നതതല സംഘത്തിലെ ഇന്ത്യൻ പ്രതിനിധി. കൂടാതെ പ്രതിരോധ രംഗത്ത് പരസ്പര വിശ്വാസം കൂട്ടാനായി നടപടികൾ കൈക്കൊള്ളാനും തീരുമാനമായി. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈന സന്ദർശിക്കും.

അനൗപചാരിക ഉച്ചകോടി തുടരാനും ഇരു നേതാക്കളും തീരുമാനമെടുത്തു. അടുത്തവർഷം ഉച്ചകോടി ചൈനയിൽ നടക്കും. ഇതിനായി പ്രസിഡന്റ് ഷി ജിൻ പിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈനയിലേക്ക് ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. അതേസമയം തീയതികൾ തീരുമാനിച്ചിട്ടില്ല.

ഇന്ത്യ - ചൈന ഉച്ചകോടിയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ പുതിയ പാത തുറന്നെന്ന് മോദി പ്രതികരിച്ചു. 'രണ്ടാമത്തെ അനൗചാരിക ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയതിന് പ്രസിഡന്റ് ഷി ജിൻ‌പിങ്ങിന് നന്ദി പറയുന്നു. ഇത് ഇന്ത്യ-ചൈന ബന്ധത്തിന് വലിയ ആക്കം കൂട്ടും. കൂടാതെ നമ്മുടെ രാജ്യങ്ങളിലെയും ലോകത്തിലെയും ജനങ്ങൾക്ക് ഗുണം ചെയ്യും'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


ഉച്ചകോടി സംഘടിപ്പിക്കാൻ സഹായിച്ച തമിഴ്നാട് സർക്കാരിനും ജനങ്ങൾക്കും മറ്റൊരു ട്വീറ്റിൽ പ്രധാനമന്ത്രി നന്ദി പറഞ്ഞു.


ഇരുവരും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിയാണിത്. ആദ്യത്തേത് കഴിഞ്ഞ വർഷം ചൈനയിലെ വൂഹാനിലായിരുന്നു. അന്ന് ദോക്‌ലാം പ്രതിസന്ധിക്ക് പിന്നാലെയായിരുന്നു ചർച്ചയെങ്കിൽ ഇപ്പോൾ കാശ്‌മീർ പ്രശ്നത്തിന് പിന്നാലെയാണ്. ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ചൈനയുമായുള്ള പൗരാണിക ബന്ധത്തിന്റെയും പ്രതീകമെന്ന നിലയിൽ മാമല്ലപുരം ഉച്ചകോടിക്ക് വേദിയായി തിരഞ്ഞെടുത്തത് മോദി തന്നെയാണ്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മാമല്ലപുരത്ത് എത്തിയ ഷി ജിൻ പിംഗിനെ മോദി ഹസ്‌തദാനം ചെയ്ത് സ്വീകരിച്ചു.