ജിം ഉടമയ്ക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകന്റെ പല്ല് അടിച്ചുതകർത്തു,​ കെയർ ടേക്കർ അറസ്റ്റിൽ

Monday 05 January 2026 3:56 PM IST

ന്യൂഡൽഹി: വീട്ടിൽ അതിക്രമിച്ച് കയറി കുടുംബത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ജിം ഉടമയായ രാജേഷ് ഗാർഗ്, ഭാര്യ, മകൻ എന്നിവരെയാണ് ഗുണ്ടകൾ ആക്രമിച്ചത്. ജനുവരി രണ്ടിന് രാജ്യതലസ്ഥാനത്തെ ലക്ഷ്മി നഗറിലായിരുന്നു സംഭവം. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

പൊലീസ് പറയുന്നത് ഇങ്ങനെ; വീടിന്റെ ബേസ്‌മെന്റിൽ ഭാര്യയോടൊപ്പം ജിം നടത്തി വരികയായിരുന്നു രാജേഷ് ഗാർഗ്. ജിമ്മിലെ കെയർ ടേക്കറായ സതീഷ് യാദവ് സ്ഥാപനം തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജനുവരി രണ്ടിന് ബേസ്‌മെന്റിലെ പൈപ്പ് ചോർച്ച പരിശോധിക്കാൻ പോയ രാജേഷിനെയും ഭാര്യയെയും സതീഷും സംഘവും ചേർന്ന് ആക്രമിക്കുകയായിരുന്നു. മാതാപിതാക്കളെ രക്ഷിക്കാൻ എത്തിയ മകനെ ഗുണ്ടാസംഘം പിടികൂടി നടുറോഡിലേക്ക് വലിച്ചിഴയ്ക്കുകയും, വസ്ത്രങ്ങൾ അഴിച്ചു മാറ്റിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

രാജേഷിന്റെ ഭാര്യയുടെ മുടിയിൽ പിടിച്ചു വലിച്ച് മുഖത്ത് ക്രൂരമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. ഇരുമ്പ് വടികൾ ഉപയോഗിച്ചായിരുന്നു മൂവരെയും സതീശിന്റെ ഗുണ്ടാ സംഘം ആക്രമിച്ചത്. മർദനത്തിൽ ഇവരുടെ മകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും പല്ല് കൊഴിയുകയും ചെയ്തു. രാജേഷിന്റെ മുഖത്തും നീരും മുറിവുകളുമുണ്ട്. രാജേഷിന്റെ വായപോലും തുറക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് പൊലീസ് പറയുന്നു .

സംഭവത്തിൽ പ്രധാന പ്രതിയായ സതീശ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതികളായ വികാസ് യാദവ്, ശുഭം യാദവ്, ഓംകാർ യാദവ് എന്നിവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തു.