ശബരിമല സ്വർണക്കൊള്ള; മുഖ്യമന്ത്രിക്കും സർക്കാരിനും ഉത്തരവാദിത്വം,​   വൻസ്രാവുകളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് രമേശ് ചെന്നിത്തല

Monday 05 January 2026 7:23 PM IST

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ കെ.പി. ശങ്കരദാസിന്റെ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഓരോ ദിവസവും കൂടുതൽ കൂടുതൽ സ്വർണം പോയതിന്റെ വിവരങ്ങൾ പുറത്തുവരുന്നു. ഇക്കാര്യത്തിൽ കേരളം ഭരിക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ജയിലിൽ കിടക്കുന്നവരെല്ലാം സി.പി.എം നേതാക്കളല്ലേ. പത്തു വർഷം കേരളം ഭരിച്ചു, മൂന്ന് തവണ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ വെച്ചു. അവരാണ് ഇന്ന് ജയിലിൽ കിടക്കുന്നത്. അപ്പോൾ പാർട്ടിക്കും ഗവൺമെന്റിനും ഈ കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്തം ഒന്നും നിറവേറ്റാതെ മറ്റുള്ളവരെ ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാർട്ടിയും സ്വീകരിക്കുന്നത്. ഇതൊക്കെ ജനങ്ങൾ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ശബരിമലയിൽ സ്വർണ്ണം കൊള്ളയടിക്കപ്പെട്ടതിനെക്കുറിച്ച് ഇനിയും അന്വേഷണം വേണം. അടിച്ചുകൊണ്ടുപോയ സ്വർണ്ണം എവിടെ? തൊണ്ടിമുതൽ എവിടെ? ഒരു വിദേശ വ്യവസായി എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞു. അതിന്റെ അന്വേഷണം എവിടം വരെയായി.അന്വേഷണം ത്വരിതപ്പെടുത്തണം. കുറ്റം ചെയ്തവരെ രക്ഷിക്കാൻ വേണ്ടിയിട്ടുള്ള കവചം തീർക്കുകയാണ് സർക്കാരിപ്പോൾ. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് രണ്ടുപേരെ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സി.പി.മ്മിന്റെ പൊലീസ് അസോസിയേഷനിലെരണ്ടു ഭാരവാഹികളെ കൊടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ എസ്‌ഐടിയുടെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അങ്ങിനെയൊന്നും സത്യം മൂടി വയ്കാൻ കഴിയില്ല. കുറ്റക്കാരെ നിയമത്തിനുമുന്നിലെത്തിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി യു.ഡി.എഫും കോൺഗ്രസും മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.