മർദ്ദനം ഫാസിസ്റ്റ് നടപടിയെന്ന് നേതൃത്വം

Tuesday 06 January 2026 12:00 AM IST

തൃശൂർ: കേരളവർമ കോളേജിൽ എസ്.എഫ്.ഐയുടെ നേത്വത്തിൽ നടന്ന സംഘർഷം സംഘടനാ രീതിക്ക് ചേരാത്തതാണെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. കേരളവർമ കോളേജിൽ ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. എ.ഐ.എസ്.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അർജുൻ മുരളീധരനും ജില്ലാ ജോയിൻ സെക്രട്ടറി അനന്തകൃഷ്ണൻ പാലാഴിയെയും സംഘം ചേർന്ന് ക്യാമ്പസിലിട്ട് മർദ്ദിച്ച എസ്.എഫ്‌ഐ നടപടി ഫാസിസ്റ്റ് ചിന്താഗതിയുടെ പ്രതിഫലനമാണ്. എല്ലാക്കാലത്തും ക്യാമ്പസിനകത്ത് ഇത്തരം വിഷയങ്ങൾ ഉണ്ടാകാറുണ്ട്. ചിലത് സംഘർഷത്തിലേക്ക് പോകാറുമുണ്ട്. എന്നാൽ തങ്ങൾക്ക് താത്പര്യമില്ലാത്ത സംഘടനകളുടെ നേരെ നിരന്തരം അക്രമം അഴിച്ചുവിടുന്ന നിലപാട് തിരുത്താൻ എസ്.എഫ്.ഐ നേതൃത്വം തയ്യാറാകണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരനും പ്രസിഡന്റ് കെ.എസ് അഭിറാമും അറിയിച്ചു.