പുലിപ്പേടിയിൽ മീനാങ്കൽ പുറത്തിറങ്ങാനാകാതെ നാട്ടുകാർ
വിതുര: വിതുര തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മീനാങ്കലിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. മീനാങ്കൽ പന്നിക്കുഴി മേഖലകളിലാണ് പുലിയിറങ്ങിയത്.കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ പുലി നിരവധി വളർത്തുനായ്ക്കളെ പിടികൂടിയിരുന്നു.
പുലിയുടെ ചിത്രം പ്രദേശത്തെ സി.സി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പരുത്തിപ്പള്ളി ആർ.ആർ.ടി സംഘം മേഖലയിൽ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ടാപ്പിംഗിന് തൊഴിലാളികൾക്കും പ്രദേശവാസികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്ത് കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ശല്യവുമുണ്ട്. മേഖല വനപാലകരുടെ നിരീക്ഷണത്തിലാണ്.
സ്ഥിരം ശല്യം
പേപ്പാറ അഞ്ചുമരുതുംമൂടിന് സമീപം പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടപ്പാറ,പൊടിയക്കാല മേഖലകളിലും പുലി ഇറങ്ങിയിരുന്നു. അടുത്തിടെ വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി മേഖലയിലും വളർത്തുനായ്ക്കളെ പിടികൂടിയ സംഭവമുണ്ടായിട്ടുണ്ട്. പൊൻമുടി ഗവൺമെന്റ് യു.പി.എസ് പൊലീസ് സ്റ്റേഷൻ പരിസരം,കല്ലാർ മൊട്ടമൂട് മേഖല, മരുതാമല ജഴ്സി ഫാം എന്നിവിടങ്ങളിലെയും അവസ്ഥ വിഭിന്നമല്ല.
ജാഗ്രതൈ!
ചാത്തൻകോട് ചെമ്മാംകാലയിൽ ഒരു യുവാവിനെ പുലി ആക്രമിച്ചിരുന്നു.അടുത്തിടെ കല്ലാർ ഗോൾഡൻവാലിയിൽ കുരങ്ങനെ പിടികൂടാൻ വൈദ്യുതി പോസ്റ്റിൽ കയറിയ പുള്ളിപ്പുലി ഷോക്കേറ്റ് ചത്ത സംഭവവും ഉണ്ടായി. വനമേഖലയായതിനാലാണ് പുലി അടിക്കടി എത്തുന്നതെന്നും, ജാഗ്രത പാലിക്കണമെന്നും വനപാലകർ അറിയിച്ചു.