'അധികം അങ്ങ് കോടതിയും പൊലീസും ചമയേണ്ട'; അമേരിക്കയ്ക്ക് താക്കീതുമായി ചൈന 

Monday 05 January 2026 9:57 PM IST

ബീജിംഗ്: വെനസ്വേലയിലെ നീക്കങ്ങളില്‍ അമേരിക്കയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ചൈന. ഒരു രാജ്യവും ലോക പൊലീസോ കോടതിയോ ചമയേണ്ടതില്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നടത്തിയ പ്രസ്താവന. ലോകത്തെ എല്ലാ രാജ്യങ്ങളുടേയും പരമാധികാരം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്ക പിടികൂടിയ നടപടിയിലാണ് ചൈനയുടെ പ്രതികരണം.

'ഒരു രാജ്യവും ലോകത്തിന്റെ പൊലീസായി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ചൈന വിശ്വസിക്കുന്നു. ലോകത്തിന്റെ വിധികര്‍ത്താവാണെന്ന് അവകാശപ്പെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല'- ഞായറാഴ്ച ബീജിംഗില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വാങ് യി വ്യക്തമാക്കി.

വെനസ്വേലയില്‍ അമേരിക്ക നടത്തിയ അട്ടിമറിയെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേരണമെന്ന ആവശ്യത്തിന് ചൈന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെനസ്വേലയിലെ യുഎസ് നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിക്കുന്നതിനെ ചൈന പിന്തുണയ്ക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.