തിരിച്ചടിച്ച തൊണ്ടിമുതൽ

Tuesday 06 January 2026 1:56 AM IST

മനുഷ്യരുടെ കൃത്രിമങ്ങളും കള്ളത്തരങ്ങളും ഭൂരിപക്ഷവും പിടിക്കപ്പെടാതെ പോകുന്നതാണ് പതിവ്. അഥവാ പിടിക്കപ്പെട്ടാലും കേസാകുന്നത് വിരളം. കേസായാലും ശിക്ഷിക്കപ്പെടുന്നത് വളരെ കുറവ്. ഇതൊക്കെയാണെങ്കിലും കള്ളത്തരവും കൃത്രിമവും കാണിച്ചതായി തെളിയിക്കപ്പെടുന്ന ഒരു കുറ്റകൃത്യത്തിന്,​ അതിന് ഉത്തരവാദികളായവർക്ക് ശിക്ഷ ലഭിക്കുമ്പോൾ സമൂഹം പൊതുവെ സ്വാഗതം ചെയ്യാറുണ്ട്. കള്ളത്തരങ്ങൾ നാടുവാഴാൻ പാടില്ല എന്ന വിചാരം മനുഷ്യകുലത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായി വർത്തിക്കുന്നതാണ് ആ ആശ്വാസത്തിന് കാരണം. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കുറ്റത്തിന് സർവ വിധ സ്വാധീനങ്ങളുടെയും പിൻബലമുണ്ടായിട്ടും,​ മൂന്നര പതിറ്റാണ്ടിലേറെ നീണ്ടുപോയിട്ടും ഒടുവിൽ ശിക്ഷ ലഭിച്ചു എന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഊട്ടിയുറപ്പിക്കാൻ പോന്നതാണ്.

അഭിഭാഷകനായിരുന്ന കാലത്ത് ചെയ്ത കുറ്റത്തിന്,​ പിന്നീട് മന്ത്രിസഭയിൽ അംഗമായിരിക്കുക പോലും ചെയ്ത ഒരാൾക്ക് ലഭിക്കുന്ന ശിക്ഷ നീതിന്യായ ചരിത്രത്തിന്റെ ഏടുകളിൽ ആവർത്തിച്ച് ചർച്ചചെയ്യപ്പെടാൻ പോകുന്നത് കേസിലെ തൊണ്ടിമുതലിന്റെ പ്രത്യേകതകൊണ്ടു കൂടിയാവും. ഏതു കേസിലും തൊണ്ടിമുതലാണ് കുറ്റകൃത്യം തെളിയിക്കുന്ന ഏറ്റവും വലിയ തെളിവുകളിൽ ഒന്നായി മാറുന്നത്. തൊണ്ടിമുതലുകൾ കണ്ടെത്തുന്നത് പൊലീസാണെങ്കിലും,​ കേസിന്റെ വിചാരണ തീരുവോളവും തുടർന്നും നിശ്ചിത കാലാവധി വരെയും അത് സൂക്ഷിക്കുന്നത് കോടതിയാണ്. കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കപ്പെടുമ്പോൾ അതിൽ കൃത്രിമങ്ങളൊന്നും നടക്കില്ല എന്നാണ് പൊതുവിശ്വാസം. എന്നാൽ ആ വിശ്വാസത്തിന് കടകവിരുദ്ധമായ കാര്യമാണ് ആന്റണി രാജു പ്രതിയായ കേസിൽ നടന്നത്.

പ്രതിയുടെ പഴ്സ് തുടങ്ങിയവ തിരികെ വാങ്ങിയപ്പോൾ തൊണ്ടിമുതലായ പ്രതിയുടെ അടിവസ്‌ത്രവും അഭിഭാഷകനായ ആന്റണിരാജു എഴുതി ഒപ്പിട്ടുകൊടുത്ത അപേക്ഷയുടെ ഭാഗമായി ലഭിച്ചു.

ഇത് കോടതിയിൽ തൊണ്ടിമുതലിന്റെ സൂക്ഷിപ്പുകാരനായ ക്ളാർക്കിനു പറ്റിയ ഗുരുതരമായ പിഴവാണ്. കോടതി ജീവനക്കാരനും കൂട്ടുപ്രതിയുമായ ജോസിന് ഇതേ കേസിൽ മൂന്നു വർഷത്തെ തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.

ഈ കേസിൽ ആന്റണിരാജു ശിക്ഷിക്കപ്പെടാൻ ഇടയാക്കിയതിൽ ഫോറൻസിക് തെളിവുകൾ വഹിച്ച പങ്ക് അതിപ്രധാനമാണെന്ന് കാണാതിരുന്നുകൂടാ. പ്രതിയുടെ വസ്തുക്കൾ തിരികെ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകിയത് ആന്റണി രാജുവിന്റെ കൈയക്ഷരത്തിലാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. അതുപോലെ തന്നെ,​ നാല് മാസത്തോളം കൈയിൽ വച്ച ശേഷം അഭിഭാഷകൻ തിരികെനൽകിയ അടിവസ്‌ത്രം വെട്ടിച്ചെറുതാക്കിയതിന്റെ ഭാഗമായി പുതിയ തുന്നലുകൾ ഉണ്ടായിരുന്നെന്നും ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പ്രതിയെ രക്ഷിക്കാനുള്ള അതിബുദ്ധിയുടെ ഭാഗമായാണ് പ്രതി ലഹരിമരുന്ന് ഒളിപ്പിച്ചിരുന്ന അടിവസ്‌ത്രം ചെറുതാക്കി തിരികെ നൽകിയത്. ഈ അതിബുദ്ധിക്കും കൃത്രിമത്വത്തിനും വിധി നൽകിയ ശിക്ഷയാണ് ആന്റണി രാജുവിന് ലഭിച്ചിരിക്കുന്നത്.

അസാധാരണമായ ഒരു കേസാണിത്. ലഹരിക്കേസിൽ കേരളത്തിൽ നിന്ന് കുറ്റവിമുക്തനായ പ്രതി അഞ്ച് വർഷത്തിനു ശേഷം ഓസ്ട്രേലിയയിൽ ഒരു കൊലക്കേസിൽ തടവിലാകുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിയോടാണ് അയാൾ കേരളത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ഇടയാക്കിയ അടിവസ്‌ത്ര കൃത്രിമം വെളിപ്പെടുത്തിയത്. ആ വിവരം ഇന്റർപോൾ വഴി സി.ബി.ഐയിലും,​ പിന്നീട് കോടതിയിലും എത്തുകയും കേസിന് വീണ്ടും ജീവൻവയ്ക്കുകയുമാണുണ്ടായത്. ആന്റണിരാജു സുപ്രീംകോടതി വരെ പോയിട്ടും കേസിന്റെ വിചാരണ തടയാനായില്ല. മൂന്നു വർഷത്തെ ശിക്ഷ ലഭിച്ചതിലൂടെ എം.എൽ.എ സ്ഥാനത്തിന് അയോഗ്യത വന്നിരിക്കുകയാണ്. അപ്പീലിൽ വിധി സ്റ്റേ ചെയ്യുകയാണെങ്കിൽ മാത്രമേ ഇതിൽ മാറ്റം വരൂ. എന്തായാലും പലനാൾ കള്ളം ഒരു നാൾ പിടിക്കപ്പെടും എന്ന ചൊല്ല് കൂടിയാണ് ഈ വിധിയിലൂടെ സാർത്ഥകമായിരിക്കുന്നത്.