പൂഴിത്തലക്കാർക്ക് വിവാഹസമ്മാനമായി കിട്ടി കുടിവെള്ളപൈപ്പ് ലൈൻ

Monday 05 January 2026 10:02 PM IST

മാഹി: ലക്ഷങ്ങൾ പൊടിച്ച് നടത്തുന്ന വിവാഹ ആഘോഷങ്ങൾക്ക് മാഹിയിൽ നിന്ന് ഒരു തിരുത്ത്. വിവാഹാഘോഷത്തിനുള്ള ചിലവിൽ നിന്ന് ഒന്നരലക്ഷം രൂപ നീക്കി ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഉപകരിക്കുന്ന കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചാണ്

അഴിയൂർ മറിയാസിൽ അഡ്വ: മുഹമ്മദ് റിഹാൻ റഹീമിന്റേയും അഡ്വ.ആയിഷ സാൽവയുടേയും വിവാഹം വേറിട്ടത്.

നിലവിൽ ബ്ളോക്ക് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി ഈ മേഖലയിലുണ്ട്. എന്നാൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത കുടുംബങ്ങൾക്കായാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. പൂഴിത്തല മുതൽ ആസിയ റോഡ് വരെയാണ് ഇതുവഴി കുടിവെള്ളം ലഭിക്കുക. കടലോരമേഖലയായതിനാൽ പ്രദേശത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്.

ന്യൂ മാഹി ലോറൽ ഗാർഡനിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പദ്ധതി സമർപ്പിച്ചത്.

അഴിയൂരിലെ റഹീം മറിയാസ്- മഹനാസ് മനയത്ത് ദമ്പതികളുടെ മകനാണ് അഡ്വ.മുഹമ്മദ് റിഹാൻ റഹീം. സുനിൽ സലീം കാഞ്ഞിരാല-ഡോ.ഷാഹിന മട്ടുമ്മന്തോടി എന്നിവരുടെ മകളാണ് അഡ്വ.ആയിഷ സാൽവ.