അഴിമതി റോക്കറ്റിൽ
'അഴിമതിയോട് സന്ധിയില്ല' എന്ന നയവുമായി സർക്കാർ മുന്നോട്ടുപോകവേ കേസുകളിലും അറസ്റ്റുകളിലും റെക്കാഡിട്ട് കേരളത്തിൽ അഴിമതി കുതിച്ചുയരുന്നു. സർക്കാരിന്റെ അവസാനമാസങ്ങളിൽ കോഴക്കളിക്ക് കളമൊരുക്കി വകുപ്പുകളിലെ അഴിമതിക്കാർ സജീവമായിട്ടുണ്ട്. ബില്ലുകൾ മാറുന്നതിലും പദ്ധതിനടത്തിപ്പിലുമടക്കം അഴിമതി വ്യാപകമായിട്ടുണ്ട്.
കൈക്കൂലി കൈയോടെ പിടികൂടുന്ന ട്രാപ്പ് ഓപ്പറേഷനുകളിൽ 57കേസുകളിലായി ഉദ്യോഗസ്ഥരും ഏജന്റുമാരുമടക്കം 76പേരെയാണ് വിജിലൻസ്കഴിഞ്ഞവർഷം അറസ്റ്റ് ചെയ്തത്. ഇത് സർവകാല റെക്കാഡാണ്. അഴിമതിയും കൈക്കൂലിയും കണ്ടെത്തി 201കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. 300 പ്രാഥമിക അന്വേഷണങ്ങൾ, 57വിജിലൻസ് അന്വേഷണങ്ങൾ, 136രഹസ്യാന്വേഷണങ്ങൾ പുരോഗമിക്കുന്നു. 1152മിന്നൽ പരിശോധനകളാണ് കഴിഞ്ഞവർഷം നടത്തിയത്. 9193പരാതികളിൽ നടപടിയെടുത്തു. കഴിഞ്ഞവർഷം 30കേസുകളിൽ 39പ്രതികൾ ശിക്ഷിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ 12പേരെയും പിടികൂടി.
മുൻകാലങ്ങളിൽ 500, 1000രൂപയായിരുന്നു കൈക്കൂലിയെങ്കിൽ ഇപ്പോഴത് ലക്ഷങ്ങളായിട്ടുണ്ടെന്ന് വിജിലൻസ് പറയുന്നു. രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ 3 കേസുകളും, ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു കേസും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു കേസും ഉൾപ്പെടെ 14,92,750 രൂപയാണ് പിടിച്ചെടുത്തത്. എല്ലാ വകുപ്പുകളിലും ഇന്റേണൽ വിജിലൻസ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും അഴിമതി തടയാനാവുന്നില്ല. ട്രാപ്പ് കേസുകളിൽ മുന്നിൽ റവന്യൂ വകുപ്പാണ്- 20കേസ്. തദ്ദേശം-12, പൊലീസ്-6, വിദ്യാഭ്യാസം-3, കെ.എസ്.ഇ.ബി-3 എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിലെ കണക്ക്.
അതേസമയം, കുറ്റപത്രത്തിനും വിചാരണയ്ക്കും കേസിനും അനുമതി നൽകാതെ അഴിമതിക്കാർക്ക് രക്ഷപെടാൻ പഴുതൊരുക്കുകയാണ് സർക്കാർ. അഴിമതിക്കേസുകളിൽ പ്രതികളായ രാഷ്ട്രീയക്കാരടക്കം 400ലേറെ ഉന്നതരെ വിചാരണ ചെയ്യാനുള്ള വിജിലൻസിന്റെ അപേക്ഷ വർഷങ്ങളായി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നു.
തെളിവുകൾസഹിതം കുറ്റപത്രംനൽകിയ കേസുകളിൽപോലും വിചാരണാനുമതി നൽകാത്ത സ്ഥിതിയാണ്.
അഴിമതിക്ക് പ്രത്യക്ഷ തെളിവില്ലെങ്കിലും പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്നും അഴിമതിക്കാരോട് മൃദുസമീപനം പാടില്ലെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. അഴിമതിനിരോധന നിയമത്തിലെ 17(എ)ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി,മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനും വിചാരണയ്ക്കുമെല്ലാം ഉന്നതാധികാരിയുടെ അനുമതിയുണ്ടാവണം. ഇതിനുള്ള അപേക്ഷകൾ വകുപ്പുകളിൽ പൂഴ്‌ത്തുകയാണ്.
കേന്ദ്രനിയമഭേദഗതി പ്രകാരം പ്രോസിക്യൂഷൻ, അന്വേഷണ അപേക്ഷകളിൽ സർക്കാരിന് അനുമതി നൽകാൻ മൂന്നുമാസത്തെ സമയപരിധിയുണ്ട്.
അനുമതി നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ അപേക്ഷകളിൽ തീരുമാനമെടുക്കാതെ പൂഴ്‌ത്തുകയാണ് പതിവ്. അഴിമതിക്കേസിൽ കുടുങ്ങിയ ഉന്നതഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനമേധാവികളും ജീവനക്കാരുമെല്ലാം ഇതിനിടെ സുഖമായി വിരമിക്കും. അഴിമതിക്കുറ്റമൊഴിവാക്കി അഴിമതിക്ക് വേണ്ടിയുള്ള ഗൂഢാലോചന,പ്രേരണ കുറ്റങ്ങൾ മാത്രം ചുമത്തുന്നതോടെ കേസുകൾ ദുർബലമാവും.
അഴിമതി അധികാരമോ ?
ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ചില വകുപ്പുകളിലെ താഴെത്തട്ടിലുള്ള ചില ഓഫീസുകളിൽ അഴിമതി ഒരു അധികാരമായി കൊണ്ടുനടക്കുന്നവരുണ്ടെന്ന് വിമർശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
അഴിമതിക്കാരെ സംരക്ഷിക്കില്ല. ശക്തമായ നടപടികളുണ്ടാവും. അഴിമതിരഹിതവും ജനപക്ഷവുമായ ഭരണ സംവിധാനമാണ് ഉദ്ദേശിക്കുന്നത്. അഴിമതിക്ക് കൂട്ടുനിൽക്കാത്തതു കൊണ്ടാണ് ശക്തമായ നടപടി സ്വീകരിച്ചു മുന്നോട്ടു പോകാനാകുന്നത്.
സംസ്ഥാനത്ത് നല്ല രീതിയിൽ അഴിമതി ഇല്ലാതാക്കാനായിട്ടുണ്ട്. എന്നാൽ, പൂർണമായും നീക്കാനായിട്ടില്ല. ഓഫീസുകളുമായി ബന്ധപ്പെട്ട് ഏജന്റുമാരും ദല്ലാളുമാരും കാര്യങ്ങൾ നീക്കുന്നുണ്ടെങ്കിൽ നടപടിയുണ്ടാവണം. ഒരുതരത്തിലും അഴിമതി പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടാവരുത്. അഴിമതിക്ക് അടിമപ്പെടുന്ന മനോഭാവം ചിലർക്കുണ്ട്.
നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി നൽകുമ്പോൾ ഉദ്യോഗസ്ഥർക്കും വിഹിതം കിട്ടേണ്ടതാണെന്ന ചിന്ത ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.
അഴിമതിയും ഡിജിറ്റലായി
വനം,മോട്ടോർവാഹനം,രജിസ്ട്രേഷൻ,തദ്ദേശ വകുപ്പുകളിൽ വമ്പൻഅഴിമതികളാണ് വിജിലൻസ് പിടികൂടിയത്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ 'സെക്വർ ലാൻഡ്' എന്ന റെയ്ഡുകളിൽ ഏജന്റുമാരിൽനിന്ന് ഗൂഗിൾപേവഴി ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലിവാങ്ങുന്നത് കണ്ടെത്തി. വിൽപ്പനവില കുറച്ചുകാട്ടി ആധാരം രജിസ്റ്റർചെയ്യുന്നതാണ് കോഴയുടെ പ്രധാനവഴി. മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥർ ഡ്രൈവിംഗ്സ്കൂളുകാരിൽ നിന്ന് കൈക്കൂലിക്ക് പുറമെ സ്വർണവും വാങ്ങുന്നതായി കണ്ടെത്തി. ഓപ്പറേഷൻ 'ക്ലീൻവീൽസ് ' റെയ്ഡുകളിൽ 21ഉദ്യോഗസ്ഥർ ഗൂഗിൾപേയിലൂടെ 7.85ലക്ഷംരൂപ കോഴവാങ്ങിയതിന്റെ തെളിവുകൾ കണ്ടെടുത്തിരുന്നു. 'ഓപ്പറേഷൻവനരക്ഷ' റെയ്ഡുകളിൽ വമ്പൻഅഴിമതിയാണ് കണ്ടെത്തിയത്. ഫയർലൈൻ,റോഡ് നിർമ്മാണത്തിൽ കോടികളുടെ കൈക്കൂലിയിടപാട് കണ്ടെത്തി. ഒരുറേഞ്ച്ഓഫീസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കെത്തിയത് 72.8ലക്ഷം കോഴയാണ്.
''എല്ലാവകുപ്പുകളിലും വിജിലൻസിന്റെ നിരീക്ഷണമുണ്ടാവും. മിന്നൽറെയ്ഡുകളും സ്പെഷ്യൽഓപ്പറേഷനുകളുമുണ്ടാവും. അഴിമതിയുടെ ദൂഷ്യവശങ്ങളെപ്പറ്റിയും, ഇത് സമൂഹത്തിലുണ്ടാക്കുന്ന അപചയങ്ങളെപ്പറ്റിയുമുള്ള സന്ദേശങ്ങള്‍ നൽകുന്നു''
മനോജ്എബ്രഹാം
വിജിലൻസ്‌മേധാവി