ദേശീയപാത നിർമ്മാണത്തിന്റെ സാമഗ്രികൾ കവർന്ന പ്രതി പിടിയിൽ

Tuesday 06 January 2026 1:08 AM IST

കല്ലമ്പലം: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന നിർമ്മാണസാമഗ്രികൾ കവർന്ന പ്രതി പിടിയിൽ. കടയ്ക്കോട് പാറവിള കോളനിയിൽ മാടൻനടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദാണ് (37) കല്ലമ്പലം പൊലീസിന്റെ പിടിയിലായത്.

ഇയാൾ വില്പനയ്ക്കായി കൊണ്ടുവന്ന സാധനസാമഗ്രികൾ പരവൂർ കോട്ടുമ്മല്ലിന് അടുത്തുള്ള ആക്രിക്കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കല്ലമ്പലം എസ്.എച്ച്.ഒ ദീപു.ഡിയുടെ നിർദ്ദേശപ്രകാരം എസ്.ഐ പ്രശാന്ത്,ഗ്രേഡ് എസ്.ഐ സുനിൽകുമാർ,എ.എസ്.ഐ ഇർഷാദ്,സി.പി.ഒ സമ്പത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നാവായിക്കുളം,28-ാം മൈൽ,തട്ടുപാലം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ പൈപ്പുകൾ,കമ്പികൾ,ഇരുമ്പ് ഷീറ്റുകൾ എന്നിവ ഉൾപ്പെടുന്ന 2500 കിലോയോളം നിർമ്മാണസാധനങ്ങൾ മോഷണം പോയതായി ഇക്കഴിഞ്ഞ ഡിസംബർ 31നാണ് നിർമ്മാണക്കരാർ കമ്പനി കല്ലമ്പലം പൊലീസിൽ പരാതി നൽകിയത്.തുടർന്ന് ആക്രിക്കടകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.