അനുപമ പരമേശ്വരന്റെ ക്രേസി കല്യാണം

Tuesday 06 January 2026 6:11 AM IST

അനുപമ പരമേശ്വരൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രത്തിന് ‘ക്രേസി കല്യാണം’ എന്ന് പേരിട്ടു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ആകർഷകമായ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. കുടുംബപ്രേക്ഷകരെ ലക്ഷ്യമിടുന്ന വിനോദചിത്രമായാണ് ക്രേസി കല്ല്യാണം ഒരുങ്ങുന്നതെന്നാണ് വിവരം. ഡോ. നരേഷ് വിജയകൃഷ്ണ, താരുണ്‍ ഭാസ്‌കർ, അഖിൽ രാജ് ഉദ്ദമാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബദ്രപ്പ ഗജുല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബൂസം ജഗൻ മോഹൻ റെഡ്ഡിയാണ്. സംഗീതം- സുരേഷ് ബോബിലി, ഛായാഗ്രഹണം-ശ്യാം ദുപതി. ചിത്രത്തിന്റെ റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കും.

അതേസമയം പർദ്ദ ആണ് തെലുങ്കിൽ അനുപമ പരമേശ്വരൻ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.

സിനിമ പരാജയപ്പെട്ടെങ്കിലും അനുപമയുടെ പ്രകടനം വലിയ പ്രശംസ നേടി. പർദ്ദ പരാജയപ്പെട്ടതിൽ തനിക്ക് നിരാശയുണ്ടെന്നും ഓരോ സിനിമയും ബോക്‌സ് ഓഫീസ് ഹിറ്റായില്ലെങ്കിലും അത് നന്നായി വരണമെന്നും പ്രേക്ഷകർക്ക് എല്ലാം ഇഷ്ടപ്പെടണമെന്ന് പ്രതീക്ഷിക്കാറുണ്ടെന്നും അനുപമ പറഞ്ഞിരുന്നു. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്ത ചിത്രം കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന ഒരു ഗ്രാമത്തിലെ മനോഹാരിയായ യുവതിയുടെ കഥയാണ് പറയുന്നത്. മുഖം പർദ്ദ കൊണ്ട് മറയ്ക്കുന്ന പാരമ്പര്യമുള്ള ഗ്രാമത്തിൽ ജീവിക്കുന്ന സുബു എന്ന പെൺകുട്ടിയായാണ് അനുപമ ചിത്രത്തിൽ വേഷമിട്ടത്.