വേനലിൽ വാടി റ‌ബർ കർഷകർ

Tuesday 06 January 2026 1:14 AM IST

കല്ലറ: വേനൽ തുടങ്ങിയപ്പോഴേ റബർ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞുതുടങ്ങി. ഒപ്പം ശക്തമായ കാറ്റും കൂടിയായപ്പോൾ പാലിന്റെ ലഭ്യതയിൽ വൻ കുറവാണ് നേരിടുന്നത്. ഇതോടെ പല കർഷകും ടാപ്പിംഗ് പൂർണമായും നിറുത്തി. ചിലർ ടാപ്പിംഗ് ഒന്നിടവിട്ടുള്ള ദിവസങ്ങളിലാക്കി. ഇതോടെ റബർ കർഷകരും ടാപ്പിംഗ് തൊഴിലാളികളുമുൾപ്പെയെടുള്ളവർ പ്രതിസദ്ധിയിലായി.

മലയോരത്തെ 75 ശതമാനം കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് ടാപ്പിംഗ്.

 കർഷകർക്ക് തിരിച്ചടി

സാധാരണ മാർച്ച് മാസത്തോടെയാണ് റബർ ടാപ്പിംഗ് നിറുത്താറുള്ളത്. ഇത്തവണ വളരെ നേരത്തെ ചൂട് കൂടിയതിനാൽ ജനുവരിയിലേ ഒട്ടേറെ തോട്ടങ്ങളിൽ ടാപ്പിംഗ് നിറുത്തേണ്ടിവന്നു. വലിയ എസ്റ്റേറ്റുകളിൽ വേനൽക്കാലത്ത് ടാപ്പിംഗ് നിറുത്തിവയ്ക്കാറുണ്ടെങ്കിലും അന്നത്തേയ്ക്ക് ഉപജീവനം തേടുന്ന ചെറുകിട കർഷകരുടെ ജീവിതം ദുരിതത്തിലാണ്. റബർ ഷീറ്റിന് പ്രതീക്ഷിച്ച വില കിട്ടാത്തതും തിരിച്ചടിയാകുന്നുണ്ട്.

 വിലയും കുറഞ്ഞു

ഡിസംബർ ആദ്യവാരം ഷീറ്റ് കിലോയ്ക്ക് 200 രൂപ വരെ എത്തിയിരുന്നെങ്കിലും നിലവിൽ കിലോയ്ക്ക് 170 മുതൽ 180 രൂപവരെയാണ്. ഉത്പാദന ചെലവ് കണക്കാക്കിയാൽ 200 രൂപയെങ്കിലും ലഭിച്ചാലേ റബർകൃഷി മെച്ചപ്പെടൂവെന്ന് കർഷകർ പറയുന്നു.