നായകൻ രൺവീർ സിംഗ് , ബോളിവുഡ് അരങ്ങേറ്റത്തിന് കല്യാണി പ്രിയദർശൻ

Tuesday 06 January 2026 6:15 AM IST

രൺവീർസിംഗ് നായകനായ പ്രളയ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് മലയാളത്തിന്റെ കല്യാണി പ്രിയദർശൻ.

നവാഗതനായ ജയ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ഏപ്രിലിൽ ആരംഭിക്കും.

രൺവീർ സിംഗ്, സമീർ നായർ, ഹൻസൽ മെഹ്‌ത എന്നിവരാണ് നിർമ്മാണം. രൺവീർ സിംഗിന്റെ പുതിയ നിർമ്മാണ കമ്പനിയായ മാ കസം ഫിലിംസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടി ആണ്. ജൂലായിൽ ചിത്രീകരണം ആരംഭിക്കും. ലോക എന്ന ചിത്രത്തിലൂടെ പോയവർഷം പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ താരം ആണ് കല്യാണി പ്രിയദർശൻ. ആഗോള ബോക്സ് ഓഫീസിൽ ലോക നേടിയത് മുന്നൂറുകോടി രൂപ ആണ്.

ലോകയ്ക്കുശേഷം മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും കല്യാണി കമ്മിറ്റ് ചെയ്തിട്ടില്ല. കാർത്തിയുടെ മാർഷ്വൽ, രവി മോഹന്റെ ജീനി എന്നിവയാണ് കല്യാണിയുടെ പുതിയ തമിഴ് ചിത്രങ്ങൾ. രജനികാന്ത് നായകനായി രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച് സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് കല്യാണി . അതേസമയം രൺവീർ സിംഗ് നായകനായി ആദിത്യ ധർ സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ ചിത്രം ധുരന്ദർ 31 ദിവസം കൊണ്ട് നേടിയത് 1200 കോടി രൂപ ആണ്.

ഹിന്ദി, തെലുങ്ക്, കന്നട, മലയാളം, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം കേരളത്തിലും മികച്ച വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാംഭാഗം മാർച്ച് 19ന് റിലീസ് ചെയ്യും.