ചെറുവേഷങ്ങളുടെ മെഗാ സ്റ്റാർ , സത്യനൊപ്പം അഭിനയിച്ച് തുടക്കം
ആയിരത്തിലധികം സിനിമകളിൽ വേഷമിട്ട പുന്നപ്ര അപ്പച്ചന് വിട
അവസാനകാലം വരെ സിനിമയെ ആത്മാർത്ഥമായി പ്രണയിച്ച പുന്നപ്ര അപ്പച്ചൻ. മലയാളത്തിൽ മാത്രം 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദി, തമിഴ് ഭാഷകളിലും വേഷമിട്ടു. എല്ലാ ഭാഷയിലുമായി ആയിരത്തിലേറെ ചിത്രങ്ങൾ. അപ്പച്ചന്റെ കഥാപാത്രങ്ങൾ ചെറുതാണെങ്കിലും പ്രേക്ഷകർ ഓർത്തുവയ്ക്കും. സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന സിനിമയിലൂടെയാണ് തുടക്കം. അനുഭവങ്ങൾ പാളിച്ചകൾ സിനിമയിലെ തൊഴിലാളി നേതാവിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു.അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം സിനിമയിൽഅഭിനയിച്ച അപ്പച്ചൻ തുടർന്ന് അടൂ ന്റെ അഞ്ചു സിനിമകളിൽ വേഷമിട്ടു. ധ്യാൻ ശ്രീനിവാസൻ വരെയുള്ള നടൻമാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി അപ്പച്ചൻ കരുതി. വില്ലൻ വേഷങ്ങളും ക്യാരക്ടർ റോളുകളുമാണ് ഏറെയും അവതരിപ്പിച്ചത്. ഞാൻ ഗന്ധർവ്വൻ, സംഘം, ജലോത്സവം, കടുവ, പാവം ക്രൂരൻ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ ആണ് ഒടുവിലത്തെ സിനിമ. എന്റെ രൂപം കണ്ടാൽ വില്ലനാണെന്ന് തോന്നും. എന്നാൽ താൻ ഒരു പാവം ആണെന്ന് അപ്പച്ചൻ പറയാറുണ്ട്. ദ കിംഗ് സിനിമയിൽ മുഖ്യമന്ത്രിയുടെ വേഷം ആണ് പ്രേക്ഷകർക്ക് ഏറെ പ്രിയം. ചെറിയ വേഷങ്ങൾ ലഭിക്കുമ്പോഴും അപ്പച്ചൻ പരാതി പറഞ്ഞില്ല.