'സഹ്യ - 2026' ഫെസ്റ്റ്  നാളെ മുതൽ

Tuesday 06 January 2026 12:32 AM IST

പീരുമേട്: കുട്ടിക്കാനം മരിയൻ കോളേജ് സംഘടിപ്പിക്കുന്ന ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് 'സഹ്യ -2026'ന് നാളെ തുടക്കമാകും. കോളേജ് മാനേജർ ബോബി അലക്സ് മണ്ണംപ്ലാക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. 7, 8, 9 തീയതികളിലായി നടക്കുന്ന ഫെസ്റ്റിന്റെ രണ്ടാം പതിപ്പ് 'സൂപ്പർഹീറോസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്' എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ 'നീതിനിർവഹണത്തിലെ അസമത്വങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിൽ മാദ്ധ്യമം, ഭരണനിർവഹണം, പൊതുസേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.സംഗീതനിശ, ഡി.ജെ നൈറ്റ് എന്നിവ ഫെസ്റ്റിന്റെ മുഖ്യ ആകർഷണങ്ങളാണ്. മത്സരങ്ങൾക്കൊപ്പം സിപ് ലൈൻ, കയാക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങളും എല്ലാ ദിവസവും ഉണ്ടായിരിക്കും. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് sahyafest.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.