ഉഴുന്നുവടയുടെ നടുക്ക് ദ്വാരമിടുന്നത് എന്തിനെന്നറിയാമോ? കാരണം സിമ്പിൾ
നല്ല ചൂടുചായയും നന്നായി മൊരിഞ്ഞ ഉഴുന്നുവടയും മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് കോംബോകളിൽ ഒന്നാണ്. ഉഴുന്നുവടയ്ക്കൊപ്പം ചമ്മന്തി കൂടെയായാൽ സന്തോഷം ഇരട്ടിയാകും. വഴിയോരത്തെ ചായക്കടകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെ ഉഴുന്നുവട താരമാണ്. പ്രാതൽ വിഭവങ്ങളായ ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം ഉഴുന്നുവട മലയാളികൾ ആസ്വദിക്കാറുണ്ട്. മസാല ദോശയ്ക്കൊപ്പം വിളിക്കാതെ കടന്നുവരാറുള്ള ഉഴുന്നുവടയെ കുറിച്ചും ഓർക്കാം.
പറഞ്ഞു വരുന്നത് ഉഴുന്നുവടയുടെ മറ്റൊരു പ്രത്യേകതയെ കുറിച്ചാണ്. ഈ ജനപ്രിയ പലഹാരത്തിന് നടുവിലെ ദ്വാരമാണ് വിഷയം. എന്തുകൊണ്ടാണ് ഉഴുന്നു വടയ്ക്ക് നടുവിൽ ദ്വാരമുള്ളത് എന്ന് ചിന്തിച്ചിട്ടുണ്ടോ. വെറും ഭംഗിക്ക് വേണ്ടിയല്ല ഉഴുന്നുവടയിലെ ദ്വാരം. അതിന് പിന്നിൽ തികച്ചും പ്രായോഗികവും ശാസ്ത്രീയവുമായ കാരണമുണ്ട്. കുതിർത്തരച്ച ഉഴുന്ന് ഉപയോഗിച്ചാണ് ഉഴുന്നുവട ഉണ്ടാക്കുന്നത് എന്നറിയാമല്ലോ. ഉഴുന്നു പരിപ്പിന്റെ കട്ടിയുള്ള മാവ് കൈകൊണ്ട് ഉരുട്ടി നടുവിൽ ദ്വാരമിട്ട് തിളച്ച എണ്ണയിലേക്ക് ഇടുമ്പോൾ ആ ദ്വാരം വടയുടെ ഉപരിതല വിസ്തീർണം വർദ്ധിപ്പിക്കുന്നു, ഇത് വടയുടെ ഉൾഭാഗവും പുറംഭാഗവും ഒരുപോലെ വേകാൻ സഹായിക്കുന്നു. നടുവിൽ ദ്വാരമില്ലെങ്കിൽ വടയുടെ പുറംഭാഗം വേഗത്തിൽ മൊരിയുമെങ്കിലും ഉൾഭാഗം ശരിയായി വേകാതെ ഇരിക്കാൻ സാദ്ധ്യതയുണ്ട്.
ഈ ദ്വാരം വട അമിതമായി എണ്ണ കുടിക്കുന്നത് തടയുമെന്നും പാചക വിദഗ്ദ്ധർ പറയുന്നു. ദ്വാരത്തിലൂടെ എണ്ണ ചംക്രമണം ചെയ്യുന്നതിലൂടെ താപം വടയുടെ ഉൾഭാഗത്തേക്ക് വേഗത്തിൽ എത്തുകയും പുറംഭാഗം മൊരിഞ്ഞതും ഉൾഭാഗം മൃദുവായതുമായ പ്രത്യേക പരുവം ലഭിക്കുകയും ചെയ്യുന്നു. നടുവിൽ ദ്വാരമില്ലാത്ത വട വേകാൻ കൂടുതൽ സമയം എടുക്കുമെന്ന് മാത്രമല്ല, കൂടുതൽ എണ്ണ ആഗിരണം ചെയ്യുകയും ചെയ്യും. മാവിന്റെ കൂടുതൽ ഭാഗം എണ്ണയുമായി സമ്പർക്കത്തിൽ വരുന്നത് വഴി വട ഒരേപോലെ വേകാനും ഭാരം കുറഞ്ഞതാകാനും സഹായിക്കുന്നു.