വരുന്നു, വടക്കാഞ്ചേരിയിൽ ആധുനിക കോടതി സമുച്ചയം
- മണ്ണ് പരിശോധന പൂർത്തിയായി
വടക്കാഞ്ചേരി : ആധുനിക സൗകര്യങ്ങളോടെയുള്ള കോടതി സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അനുവദിച്ച നാല് ലക്ഷം രൂപ ചെലവഴിച്ചുള്ള മണ്ണ് പരിശോധന പൂർത്തിയായി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ട്രക്ച്ചറൽ ഡ്രോയിംഗ്‌സ്, എസ്റ്റിമേറ്റ് തയ്യാറാക്കും. പി.ഡബ്ല്യു.ഡി ആർക്കിടെക്ച്ചറൽ വിഭാഗം തയ്യാറാക്കിയ പ്ലാൻ കോടതിയുടെ പരിഗണനയിലാണ്. നിലവിലെ സ്ഥലത്ത് ഒന്നര നൂറ്റാണ്ട് മുൻപാണ് കോടതി പ്രവർത്തനം ആരംഭിച്ചത്. കുന്നംകുളം, തൃശൂർ, തലപ്പിള്ളി താലൂക്കുകളിലായി 73 വില്ലേജുകൾ, 6 പൊലീസ് സ്റ്റേഷനുകൾ, നാല് എക്‌സൈസ് റേഞ്ച് ഓഫീസുകൾ, മച്ചാട്, വടക്കാഞ്ചേരി റേഞ്ചുകളിലുള്ള ഫോറസ്റ്റ് സ്റ്റേഷനുകൾ ഉൾപ്പെടെ ബൃഹത്തായ അധികാരപരിധിയാണ് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതികൾക്ക്. കാലപ്പഴക്കവും സ്ഥലപരിമിതിയുമുള്ളതാണ് നിലവിലെ കെട്ടിടം.
അഞ്ച് നിലകളിലായി 68,500 ചതുരശ്ര അടി ഗവ.ഗേൾസ് ഹൈസ്‌കൂളിന് സമീപം ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് കൈമാറി കിട്ടിയ 63.60 സെന്റ് സ്ഥലത്ത് അഞ്ച് നിലകളിലായി 68,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ബേസ്‌മെന്റ് ഫ്‌ളോറിൽ പാർക്കിംഗ്, കാന്റീൻ, ഗ്രൗണ്ട് ഫ്‌ളോറിൽ ബാർ അസോസിയേഷൻ, ലൈബ്രറി, കോൺഫറൻസ് ഹാൾ, അനുബന്ധ ഓഫീസുകൾ, ഒന്നാം നിലയിൽ മജിസ്‌ട്രേറ്റ്, മുൻസിഫ് കോടതികൾ, അനുബന്ധ ഓഫീസുകൾ, രണ്ടാം നിലയിൽ പോക്‌സോ കോടതിയും അനുബന്ധ ഓഫീസുകളും മൂന്നാം നിലയിൽ വൾനറൽ വിറ്റ്‌നസ് കോർട്ട് തുടങ്ങിയവയാണ് ഒരുക്കുക.