കാട് മൂടി കിടന്ന കനാൽ ഭാഗം ശുചികരിച്ചു

Tuesday 06 January 2026 1:21 AM IST

ബി ജെ പി ഇടവെട്ടിച്ചിറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം വി ഐ പി കനാലിന്റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ അനൂപ് വി കെ നിർവഹിക്കുന്നു

ഇടവെട്ടി: അഞ്ച് വർഷക്കാലത്തോളമായി അറ്റകുറ്റപണികൾ നടത്താതെ കാട്കയറി മൂടി കിടന്നിരുന്ന കനാൽ ഭാഗങ്ങൾ ബി ജെ പി ഇടവെട്ടിച്ചിറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.വർഷങ്ങൾക്ക് മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കനാൽ ഭാഗങ്ങൾ വൃത്തിയാക്കിയിരുന്നെങ്കിലും, പിന്നീട് ഇത്തരം ജോലികൾ തൊഴിലുറപ്പിൽ പാടില്ലെന്ന നിയമം വന്നതോടെ അത് ഇല്ലാതായി. വാർഡ് മെമ്പർ അനൂപ് വി കെ ഉദ്ഘാടനം ചെയ്തു. ബി ജെ പി വണ്ണപ്പുറം മണ്ഡലം ട്രഷറർ രാജൂ കെ.കെ, ശ്രീജേഷ് കൊട്ടാരത്തിൽ രാധ ബിജു, എന്നിവർ നേത്യത്വം നൽകി.പ്രദേശവാസികളടങ്ങുന്ന നിരവധിയാളുകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ചൂട് കാലങ്ങളിൽ മലങ്കര ജലാശയത്തിൽ നിന്നും കനാൽ വഴി ജലം ഒഴുക്കിയിരുന്നു. ഒന്നാം വാർഡിന്റെ പരിധിയിൽ വരുന്ന ചാലംകോട് പാലം മുതൽ ഇടവെട്ടി വനം വരെയുള്ള കനാൽ ഭാഗമാണ് വൃത്തിയാക്കിയത്. ഇല്ലിക്കൂട്ടങ്ങളും, പാഴ്‌ച്ചെടികളും നിറഞ്ഞ കനാലിന്റെ ഒരുഭാഗത്ത് ഏറെ പണിപ്പെട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനായതെന്ന് പഞ്ചായത്തംഗം അനൂപ് വി.കെ.പറഞ്ഞു. കാട് കയറി കിടന്ന കനാൽ ഭാഗങ്ങളിൽ കുപ്പിച്ചില്ലുകളും മറ്റ് മാലിന്യങ്ങളും രാത്രി കാലങ്ങളിൽ വാഹനങ്ങളിലെത്തി നിക്ഷേപിച്ചിരുന്നതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനായത്.