ജഡ്‌ജിക്കെതിരെ കള്ളപരാതി: കടുത്ത നടപടി

Tuesday 06 January 2026 12:00 AM IST

ന്യൂഡൽഹി: കീഴ്ക്കോടതികളിലെ ജുഡീഷ്യൽ ഓഫീസർമാരെ കള്ളപരാതികളിൽ നിന്നു രക്ഷിക്കാൻ സുപ്രീംകോടതിയുടെ ഇടപെടൽ. ജഡ്‌ജിക്കെതിരെ വ്യാജ ആരോപണമുന്നയിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇതിനുള്ള മാർഗരേഖ പുറപ്പെടുവിച്ചു.

കോടതിയലക്ഷ്യ നടപടി അടക്കം സ്വീകരിക്കാവുന്നതാണ്. കള്ളപരാതി നൽകുന്നത് അഭിഭാഷകനാണെങ്കിൽ അച്ചടക്കനടപടിക്കും തുടക്കമിടണം. ഇതിനായി ബാർ കൗൺസിലുകൾക്ക് നി‌ർദ്ദേശം നൽകണം. ആരോപണം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഒരിളവും ജുഡിഷ്യൽ ഓഫീസർമാർ പ്രതീക്ഷിക്കേണ്ടതില്ല. ക്രിമിനൽ പ്രോസിക്യൂഷൻ ആവശ്യമുള്ള ഗൗരവമായ കുറ്രം ചെയ്‌തെന്ന് ബോദ്ധ്യപ്പെട്ടാൽ അതിനും ഉത്തരവിടാൻ ഹൈക്കോടതികൾ മടിക്കേണ്ടതില്ല. വെറും സംശയത്തിന്റെ പേരിൽ നടപടി പാടില്ലെന്നും നിർദേശിച്ചു. ജാമ്യഉത്തരവുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപണമുയർന്ന മദ്ധ്യപ്രദേശിലെ ജുഡിഷ്യൽ ഓഫീസറെ പിരിച്ചുവിട്ടിരുന്നു. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടി റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ.