കുടിശിക കൂടി, നിസ്സഹകരിച്ച് ജല അതോറിട്ടി കരാറുകാർ

Tuesday 06 January 2026 12:01 AM IST

ആലപ്പുഴ : പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണിയുൾപ്പെടെ ചെയ്യുന്ന കരാറുകാർക്ക് ജല അതോറിട്ടി പണ നൽകാത്തത് വേനൽക്കാലത്ത് കുടിവെള്ള വിതരണം താറുമാറാക്കും. 2024 മേയ് മുതലുളള ബില്ലുകൾ ജല അതോറിട്ടി കരാറുകാ‌ർക്ക് മാറിനൽകാനുണ്ട്. ജില്ലയിലെ മാത്രം കുടിശിക 26 കോടി രൂപയാണ്.

കുടിശിക ലഭിക്കാതെ വലിയജോലികളൊന്നും ഏറ്റെടുക്കേണ്ടെന്ന നിലപാടിലാണ് കരാറുകാർ. വേനലാരംഭിച്ചതിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണ സമിതികൾ അധികാരത്തിൽ വരികയും നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തുകയും ചെയ്തതോടെ പ്രാദേശികതലങ്ങളിൽ നിന്ന് കുടിവെള്ളം ഉറപ്പാക്കാൻ ജല അതോറിട്ടി ഓഫീസുകളിൽ രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും സമ്മർദ്ദം വർദ്ധിച്ചിട്ടുണ്ട്.

പദ്ധതി, അറ്റകുറ്റപ്പണി വിഭാഗങ്ങളിലായി ആലപ്പുഴ, കായംകുളം ഡിവിഷൻ ഓഫീസിന് കീഴിലായി 14 ഓഫീസുകളാണ് നിലവിലുള്ളത്. ഇവിടങ്ങളിലായി രണ്ട് ഡസനോളം കരാറുകാരുമുണ്ട്. ജലജീവന്റേതുൾപ്പെടെ പൂർത്തിയായ പദ്ധതികളുടെ കമ്മിഷനിംഗുമായി ബന്ധപ്പെട്ടും കരാറുകാരുടെ സഹായം തേടേണ്ടതുണ്ട്. എന്നാൽ ജെ.സി.ബിയുൾപ്പെടെയുള്ള യന്ത് സംവിധാനങ്ങളുടെയും ജനറേറ്റർ, മോട്ടോർ എന്നിവയുടെയും വാടകയും തൊഴിലാളികളുടെ ശമ്പളവുമുൾപ്പെടെയുള്ള ചെലവുകൾക്ക് കൈയിൽ പണമില്ലെന്നാണ് കരാറുകാർ പറയുന്നത്. എൻജിനീയർമാരുൾപ്പെടെയുള്ളവർ കരാറുകാരുടെ കാലുപിടിച്ചാണ് അടിയന്തര ഘട്ടങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യിക്കുന്നത്. തകർന്നുകിടക്കുന്ന ഗ്രാമീണറോഡുകളും പൊതുമരാമത്ത് റോഡുകളും ടാർ ചെയ്യുന്നതിന് മുന്നോടിയായുള്ള പൈപ്പീടിൽ ജോലികളെയും കരാറുകാരുടെ നിസ്സഹകരണം ബാധിക്കുന്നുണ്ട്.

കുടിവെള്ള വിതരണം താറുമാറാകും

 പ്രഷർ പമ്പിംഗിലൂടെ വെള്ളം ഉയരമുള്ളതും വിദൂരങ്ങളിലുള്ളതുമായ സ്ഥലങ്ങളിലെത്തിക്കാനുള്ള ശ്രമം കാലപ്പഴക്കമുള്ള പൈപ്പുകൾ പൊട്ടുന്നതിന് കാരണമാകും

 പൈപ്പ് പൊട്ടുകയോ വാൽവുകൾ തകരാറിലാവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ കരാറുകാരുടെ സഹായമുണ്ടെങ്കിലേ ജലവിതരണം പുനഃസ്ഥാപിക്കാനാവുകയുള്ളൂ

 ദേശീയപാത നവീകരണം, ഗ്യാസ് പൈപ്പ് സ്ഥാപിക്കൽ ജോലികളാണ് ജില്ലയിൽ കരാറുകാർക്ക് ജോലികൾ കൂടാനും കുടിശിക വർദ്ധിക്കാനും കാരണമായത്

 കുടിശികയായി ലഭിക്കാനുള്ള തുക അനുവദിക്കാൻ ജല അതോറിട്ടിയും സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് കരാറുകാരുടെ ആവശ്യം

ഡിവിഷനുകളും കുടിശികയും

കായംകുളം..........₹14 കോടി

ആലപ്പുഴ...................................₹12 കോടി

ആകെ...........................................₹26 കോടി

കുടിശിക പൂർണമായി നൽകാതെ ജില്ലയിലെ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ജോലികൾ ഏറ്റെടുക്കാൻ കഴിയില്ല. എത്രയും വേഗം പണം ലഭ്യമാക്കിയില്ലെങ്കിൽ വേനൽക്കാലത്ത് കുടിവെള്ള വിതരണം താറുമാറാകും

-- വാട്ട‌ർ അതോറിട്ടി കരാറുകാരൻ