പുന്നപ്ര അപ്പച്ചൻ, നാടിന്റെ അഭിമാന താരം
അമ്പലപ്പുഴ: 1500ഓളം സിനിമകളിൽ അഭിനയിച്ച പുന്നപ്ര അപ്പച്ചന്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുളള പുന്നപ്ര അപ്പച്ചൻ പുന്നപ്രയിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെയും നിറസാന്നിധ്യമായിരുന്നു. ചെറുതും വലുതുമായ എല്ലാ പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി മണ്ണഞ്ചേരിയിലെ അമ്പനാ കുളങ്ങരയിലായിരുന്നുതാമസം. കപ്പക്കടയിലെ റേഷൻ കടക്കാരനായിരുന്ന ജെറോം, മറിയാമ്മ ദമ്പതികളുടെ മകനായ അപ്പച്ചനെ നാട്ടുകാർക്ക് വലിയ ഇഷ്ടമായിരുന്നു. എളിമയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. 1968-ൽ ഉദയ സ്റ്റുഡിയോ നിർമിച്ച് സത്യൻ നായകനായ ഒതേനന്റെ മകന്റെ ഷൂട്ടിംഗ് കാണാൻ ചെന്ന പുന്നപ്ര അപ്പച്ചന് സിനിമയിലെ മാനേജരായ ഒരു സുഹൃത്ത് മുഖേന അതിൽ ചെറിയ ഒരു വേഷം കിട്ടി. പിന്നീട് ഉദയയുടെ എല്ലാ സിനിമകളിലും അപ്പച്ചന് വേഷം ലഭിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം മുതലിങ്ങോട്ടുള്ള എല്ലാ സിനിമകളിലും അപ്പച്ചന് ഒരു വേഷം ഉണ്ടായിരുന്നു. എല്ലാ സൂപ്പർതാരങ്ങളുടെയും കൂടെയും അപ്പച്ചൻ അഭിനയിച്ചിട്ടുണ്ട്. സത്യൻ, നസീർ, മധു, കൊട്ടാരക്കര ശ്രീധരൻനായർ, എസ്.പി.പിള്ള, മുതുകുളം രാഘവൻപിള്ള തുടങ്ങിയ ആദ്യകാല നായകന്മാർക്കൊപ്പം തുടങ്ങി
യുവനിരയിലെ നിവിൻ പോളിവരെ എത്തിനിൽക്കുന്നതാണ് അപ്പച്ചന്റെ സിനിമാ ജീവിതം.
ഏറ്റവും വലിയ പ്രതിഫലം
ഹിന്ദിയിൽ നിന്ന്
1980ൽ ഹിന്ദിയിൽ ദിലീപ് കുമാറിനൊപ്പം ദുനിയ എന്ന സിനിമയിൽ അഭിനയിച്ചതിന്
കിട്ടിയ 33,000 രൂപയാണ് പുന്നപ്ര അപ്പച്ചന്റെ ഏറ്റവും വലിയ പ്രതിഫലം. കള്ളനായ ദിലീപ് കുമാറിനെ പുന്നപ്ര അപ്പച്ചൻ അറസ്റ്റുചെയ്യുന്ന രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴിൽ വിജയ്‌യുടെ സുറയിലും അഭിനയിച്ചു. ശ്രുതി സിതാര സംവിധാനം ചെയ്യുന്ന കനൽക്കണ്ണ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രം പൂർത്തിയായിട്ടില്ല.