ഇന്ത്യൻ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം ഈ മാസം

Tuesday 06 January 2026 12:03 AM IST

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഹരിയാനയിലെ ജിന്ദ്-സോണിപഥ് റൂട്ടിൽ ഈ മാസം നടക്കും. പരിശോധന പൂർത്തിയാക്കി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അനുമതി ലഭിച്ചാൽ ജനുവരിയിൽ തന്നെ സർവീസും തുടങ്ങിയേക്കും.

ഹൈഡ്രജൻ ഇന്ധന ബാറ്ററികൾ ഉപയോഗിച്ചാണ് പ്രവർത്തനം.ഹൈഡ്രജനും ഓക്‌സിജനും ചേർത്താണ് വൈദ്യുതിയുണ്ടാക്കുക. ചെലവ്‌ കൂടുതലായതിനാൽ ലോകത്ത് വ്യാപകമല്ല. മലിനീകരണം കുറയ്‌ക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ‌്പാണിത്.

140 കി.മീറ്റർ വരെ വേഗത

കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് പോലുള്ള ദോഷകരമായ വാതകങ്ങൾ പുറത്തേക്കു വിടില്ല. നീരാവിയും വെള്ളവും മാത്രമാണ് ഉപ ഉത്പന്നങ്ങൾ. ശബ്‌ദ മലിനീകരണമില്ല. ഒറ്റ ചാർജിൽ 1000 കിലോമീറ്റർ വരെ ഓടിക്കാം. മണിക്കൂറിൽ 140കി.മീറ്റർ വരെ വേഗത. ജിന്ദ്-സോണിപഥ് റൂട്ടിലെ പരീക്ഷണ ഓട്ടം 89- 90 കിലോമീറ്റർ വേഗത്തിൽ.

സ്പാനിഷ് ഹൈഡ്രജൻ പ്ലാന്റ്

ട്രെയിനിനായി ജിന്ദ് റെയിൽവേ സ്റ്റേഷനിൽ സ്പാനിഷ് കമ്പനി അത്യാധുനിക ഹൈഡ്രജൻ പ്ലാന്റ് നിർമ്മിച്ചിട്ടുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച നാലു ഡ്രൈവർ പവർ കാറുകളും 16 യാത്രാ കോച്ചുകളും തയ്യാറാണ്. എസി, ലൈറ്റ്, ഫാൻ പ്രവർത്തനവും ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചാണ്.