മകനെ അന്വേഷിച്ചെത്തി പിതാവിനെ ആക്രമിച്ച അഞ്ചംഗ സംഘം കസ്റ്റഡിയിൽ

Tuesday 06 January 2026 12:30 AM IST

വിഴിഞ്ഞം: മകനെ തിരക്കിയെത്തിയ പത്തംഗ സംഘം വീടുകയറി പിതാവിനെ ക്രൂരമായി മർദ്ദിച്ച് കരിങ്കല്ലുകൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. വിഴിഞ്ഞം വട്ടവിളയിൽ ഞായറാഴ്ച വൈകിട്ടോടെ നടന്ന സംഭവത്തിൽ അഞ്ചുപേരെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം വട്ടവിള ബിനു ഭവനിൽ ബിനുവിനാണ് (48) പരിക്കേറ്റത്.

മുളംതടികൊണ്ട് ശരീരമാസകലം മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തതായി പൊലീസിൽ നൽകിയ പരാതിൽ പറയുന്നു. തലയിൽ ആഴത്തിൽ മുറിവുണ്ടെന്നും വലതുകൈമുട്ടിലും പരിക്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മകനെ തിരക്കിയെത്തിയ സംഘം വീടിന്റെ കോമ്പൗണ്ടിൽ കയറിയത് വിലക്കിയതിനെ തുടർന്നാണ് ആക്രമണമെന്ന് ബിനു പറഞ്ഞു.

നെയ്യാറ്റിൻകരയിൽ വച്ചാണ് പ്രതികളെ കസ്‌റ്റഡിയിലെടുത്തതെന്നും മറ്റുള്ളവർക്കായി ഊർജിത അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം എസ്.എച്ച്.ഒ സുനിൽ ഗോപി പറഞ്ഞു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നും കൂടുതൽ ചോദ്യം ചെയ്‌താലെ വ്യക്തത വരൂവെന്നും പൊലീസ് വ്യക്തമാക്കി.