ആളില്ലാത്ത വീട്ടിൽ നിന്ന്  27പവൻ സ്വർണവും പണവും മോഷണം പോയി

Tuesday 06 January 2026 12:31 AM IST

തൊടുപുഴ: വഴിത്തലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 27 .5 പവൻ സ്വർണവും 24,000 രൂപയും മോഷണം പോയി. ഞായറാഴ്ച വഴിത്തല രോഹിണി വീട്ടിൽ രാമചന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. അവധി ദിവസമായതിനാൽ രാമചന്ദ്രൻ നായരും കുടുംബവും കൊച്ചിയിലെ അമ്യൂസ്‌മെന്റ് പാർക്കിൽ പോയതായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ 9.15 ന് എല്ലാവരും കൊച്ചിയിലേക്ക് പോയി. രാത്രി പത്തോടെയാണ് കുടുംബം തിരികെ വീട്ടിലെത്തിയത്. വീടിന്റെ മുൻവാതിൽ തുറന്നപ്പോൾ അകത്തെ മുറികളുടേയും അലമാരകളുടേയും വാതിൽ കുത്തിതുറന്ന നിലയിലായിരുന്നു. തുടർന്ന് വീട്ടുകാർ പരശോധിച്ചപ്പോളാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. തൊടുപുഴ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരശോധന നടത്തി.