ഗ്രീൻലൻഡ് ഞങ്ങൾക്ക് വേണം: ട്രംപ്

Tuesday 06 January 2026 7:25 AM IST

വാഷിംഗ്ടൺ: വെനസ്വേലയെ ആക്രമിച്ചതിന് പിന്നാലെ ഗ്രീൻലൻഡിനെ പിടിച്ചെടുക്കുമെന്ന ഭീഷണി ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ദേശീയ സുരക്ഷയുടെ ഭാഗത്ത് നിന്ന് നോക്കിയാൽ, ഗ്രീൻലൻഡിനെ ഞങ്ങൾക്ക് വേണം"-ട്രംപ് പറഞ്ഞു. 300ഓളം വർഷമായി ഡെൻമാർക്കിന്റെ നിയന്ത്രണത്തിലാണ് ഗ്രീൻലൻഡുള്ളത്.

ഗ്രീൻലൻഡിനെ പിടിച്ചെടുക്കുമെന്നത് യു.എസിന്റെ ഭാവന മാത്രമാണെന്ന് ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൻ പ്രതികരിച്ചു.

ട്രംപ് ഭീഷണികൾ നിറുത്തണമെന്നും ഗ്രീൻലൻഡിനെ പിടിച്ചെടുക്കാനുള്ള ആശയം തികച്ചും അസംബന്ധമാണെന്നും ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണും പ്രതികരിച്ചു. ഗ്രീൻലൻഡുകാർക്ക് വേണ്ടി ഡെൻമാർക്ക് ഒന്നും ചെയ്തിട്ടില്ലെന്നാണ് ട്രംപിന്റെ വാദം. ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലൻഡ്.

 കൊളംബിയയ്ക്കും ഭീഷണി

കൊളംബിയയ്ക്കെതിരെ സൈനിക ദൗത്യമുണ്ടാകാമെന്ന ഭീഷണിയുമായി ട്രംപ്. കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെട്രോ അമേരിക്കയിൽ കൊക്കെയ്ൻ വില്ക്കുകയാണെന്നും ആരോപിച്ചു. ട്രംപ് അപവാദം പ്രചരിപ്പിക്കുകയാണെന്ന് പെട്രോ പറഞ്ഞു. യു.എസിലെ തങ്ങളുടെ അംബാസഡറെ കൊളംബിയ തിരിച്ചുവിളിച്ചു.