ഇന്ത്യ - പാക് യുദ്ധത്തിൽ രണ്ടുവട്ടം പങ്കെടുത്ത ധീര വൈമാനികൻ,മുൻ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി അന്തരിച്ചു
പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഇന്ത്യാ-പാക് യുദ്ധത്തിൽ രണ്ടുതവണ പങ്കെടുക്കുകയും ചെയ്ത സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. മരണസമയം ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു. സംസ്കാരം ഇന്നുവൈകിട്ട് നവി പേട്ടിൽ.
ഇന്ത്യ- പാക് യുദ്ധത്തിൽ വ്യോമസേനയുടെ പൈലറ്റായി രണ്ടുതവണ പങ്കെടുത്തിട്ടുള്ള കൽമാഡിക്ക് എട്ടുസേനാമെഡലുകൾ ലഭിച്ചിട്ടുണ്ട്. 1965ലാണ് പൈലറ്റായി വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1978ൽ മഹാരാഷ്ട്ര പ്രദേശ് യൂത്തുകോൺഗ്രസ് പ്രസിഡന്റായാണ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് എത്തിയത്.1982ൽ ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ലോക്‌സഭാംഗമായി.
പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്നു. റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രിയെന്ന റെക്കോർഡും കൽമാഡിയുടെ പേരിലാണ്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ, അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ എന്നിവയുടെയും പ്രസിഡന്റായി. ഹൈദരാബാദിൽ 2003ൽ ആദ്യ ആഫ്രോ ഏഷ്യൻ ഗെയിംസ് സംഘടിപ്പിച്ചു. 2008ൽ പുനെയിൽ നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസ് സംഘാടക സമിതിയയുടെ അദ്ധ്യനായിരുന്നു.
2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസാണ് കൽമാഡിയുടെ രാഷ്ട്രീയ ജീവിതത്തിന് തിരശീലയിട്ടത്. ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അന്വേഷണം നടക്കുകയും 2011 ഏപ്രിലിൽ അറസ്റ്റിലാവുകയും ചെയ്തു. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഈ കേസിൽ അദ്ദേഹത്തിന് അടുത്തിടെ ഡൽഹി കോടതിയുടെ ക്ലീൻചിറ്റ് ലഭിച്ചിരുന്നു.