ഒന്നും അവസാനിക്കുന്നില്ല? വെനസ്വേലയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് അജ്ഞാത ഡ്രോണുകൾ, പിന്നാലെ വെടിവയ്പ്പ്
കാരക്കാസ്: യുഎസ് സെെന്യം ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെ തുടർന്ന് കടുത്ത ജാഗ്രതയിലാണ് വെനസ്വേല. ഇപ്പോഴിതാ തിങ്കളാഴ്ച രാത്രി കാരക്കാസിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം വെടിവയ്പ്പ് നടന്നതായാണ് റിപ്പോർട്ട്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
കാരക്കാസിലെ മിറാഫ്‌ളോറസ് കൊട്ടാരത്തിന് മുകളിലൂടെ അജ്ഞാത ഡ്രോണുകൾ പറന്നുയർന്നെന്നും രാത്രി എട്ട് മണിയോടെ സുരക്ഷാ സേന വെടിയുതിർത്തെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസ് ചുമതലയേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം നടക്കുന്നത്. മിനിറ്റുകളോളം മാത്രം നീണ്ടുനിന്ന ആക്രമണം അത്ര ശക്തമായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
വെനസ്വേലയിൽ നടന്ന വെടിവയ്പ്പിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക അറിയിച്ചു. വെടിവയ്പ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വെെറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കൊട്ടാരത്തിന് സമീപമുള്ള സുരക്ഷാ ഗ്രൂപ്പുകൾ തമ്മിലുള്ള ആശയകുഴപ്പമാണ് വെടിവയ്പ്പിന് പിന്നിലെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് ഔദ്യേഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, വീണ്ടും ആക്രമിക്കാൻ മടിയില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഡെൽസി റൊഡ്രിഗ്വസ് നിലപാട് മയപ്പെടുത്തി. മഡുറോയെ പിടികൂടിയതിനെതിരെ ആദ്യം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച ഡെൽസി, വെനസ്വേലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി യു.എസുമായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.
'യു.എസുമായി മാന്യമായ ബന്ധം പുലർത്താൻ മുൻഗണന നൽകും. സഹകരണ അജണ്ട മുൻനിറുത്തി ഒരുമിച്ച് പ്രവർത്തിക്കാൻ യു.എസ് സർക്കാരിനെ ഞങ്ങൾ ക്ഷണിക്കുന്നു" - ഡെൽസി പറഞ്ഞു. മഡുറോ സർക്കാരിലെ മന്ത്രിമാരെല്ലാം നിലവിൽ പദവിയിൽ തുടരുകയാണ്.