'തിരുപ്പരങ്കുണ്ട്രം കുന്നിലെ കൽത്തൂണിൽ ദീപം കൊളുത്താം'; സർക്കാർ താൽപ്പര്യം തള്ളി മദ്രാസ് ഹൈക്കോടതി

Tuesday 06 January 2026 12:49 PM IST

ചെന്നൈ: മധുരയിലെ തിരുപ്പരങ്കുണ്ട്രം കുന്നിലെ കൽത്തൂണിൽ ദീപം കൊളുത്താം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിന്റെ താൽപ്പര്യത്തിനെതിരായാണ് ചൊവ്വാഴ്‌ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിലയിരുത്തൽ വന്നത്. ജസ്റ്റിസ് ജി ജയചന്ദ്രനും ജസ്റ്റിസ് കെ കെ രാമകൃഷ്‌ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് ഉത്തരവ് റിസ് ജുഡിക്കേറ്റ പ്രകാരം തടസപ്പെടുത്താൻ കഴിയില്ലെന്ന് വിധിച്ചു.

ഹിന്ദു, മുസ്ലീം മതവിശ്വാസികൾ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപ്പരങ്കുണ്ട്രം മലയുടെ മുകളിൽ സിക്കന്ദ‌ർ ബാദുഷ ദർഗയ്‌ക്കടുത്തുള്ള കൽത്തൂണിൽ ദീപം കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോടതി തീരുമാനം അറിയിച്ചിരിക്കുന്നത്. നിയമക്രമ പ്രശ്‌നങ്ങളും സൈറ്റിന്മേലുള്ള അവകാശങ്ങളും കാരണം സർക്കാർ ദീപം കൊളുത്തുന്നതിനെ എതിർത്തിരുന്നു.

തൃക്കാർത്തിക ദിവസം കൽത്തൂണിൽ വിളക്കുകൊളുത്താൻ ജസ്റ്റിസ് ജി ആർ സ്വാമിനാഥന്റെ ബെഞ്ച് നൽകിയ അനുമതിയാണ് ഇപ്പോൾ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്. വിളക്ക് തെളിയിക്കുന്നതിനെ നിരോധിക്കുന്ന ഏതെങ്കിലും ആഗമ ശാസ്‌ത്രത്തെക്കുറിച്ച് തെളിവുകളൊന്നും ഹാജരാക്കാൻ സംസ്ഥാന സ‌ർക്കാരിന്റെ അധികാരികൾക്കോ ദർഗ ഉൾപ്പെടെയുള്ള അപ്പീൽ കക്ഷികൾക്കോ കഴിഞ്ഞില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ എതിർപ്പുകൾ ശക്തമായി തള്ളിക്കളഞ്ഞുകൊണ്ട് വർഷത്തിൽ ഒരു പ്രത്യേക ദിവസം കൽവിളക്കിൽ വിളക്ക് തെളിയിക്കാൻ ദേവസ്ഥാനത്തിന്റെ പ്രതിനിധികളെ അനുവദിക്കുന്നത് പൊതു സമാധാനത്തെ തടസപ്പെടുത്തുമെന്ന വാദം പരിഹാസ്യവും വിശ്വസിക്കാൻ പ്രയാസവുമാണ് എന്ന് ബെഞ്ച് എടുത്തുപറഞ്ഞു.