തീയതികൾ കുറിച്ചിട്ടോള്ളൂ; സഞ്ചാരികൾക്ക് സൗജന്യമായി താജ്മഹൽ കാണാം, അവസരം പാഴാക്കരുത്

Tuesday 06 January 2026 2:32 PM IST

ആഗ്ര: മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ്മഹലിൽ സൗജന്യ പ്രവേശനം. ജനുവരി 15,16,17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റ് എടുക്കാതെ കാണാൻ അവസരം. ഷാ‌ജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതിചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങൾക്കായി ഈ ദിവസങ്ങളിൽ തുറന്നുകൊടുക്കും.

വർഷത്തിൽ ഒരിക്കൽ ഉറൂസ് ദിനങ്ങളിൽ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങൾ കാണാൻ അനുവാദം. ജനുവരി 15,16 തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മുതലും ജനുവരി 17ന് മുഴുവൻ ദിവസവും താജ്മഹൽ സൗജന്യമായി കാണാം. സാധാരണ താജ്മഹൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ 50 രൂപയും താജ്മഹലിന് അകത്ത് കടക്കാൻ 200 രൂപയുമാണ് ഇന്ത്യാക്കാർക്കുള്ള ടിക്കറ്റ് നിരക്ക്.

ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൽ, ശ്രീലങ്ക, മ്യാൻമർ, തായ്ലൻഡ് രാജ്യങ്ങളിലെയും സാർക് രാജ്യങ്ങളിലെയും പൗരന്മാർക്ക് 540 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റ് വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് 1100 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഏ‌താണ്ട്‌ നാല് നൂറ്റാണ്ടുകൾക്ക് മുൻപ് മുഗൾ സാമ്രാജ്യത്തിന്റെ അധിപൻ ഷാജഹാൻ ചക്രവർത്തി ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് താജ്‌മഹൽ നിർമ്മിച്ചത്. അന്നുമുതൽ ഇന്നോളം ഇന്ത്യയിലെത്തുന്ന ലോകസഞ്ചാരികളും നേതാക്കളും താജ്മഹലിന് മുന്നിലെത്തി അതിന്റെ ഭംഗി ആസ്വദിക്കാറുണ്ട്. ലോകമഹാത്ഭുതങ്ങളിൽ ഒന്നായാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. തന്റെ പത്നി മുംതാസ്‌ ബീഗത്തിന്റെ അകാലവിയോഗത്തിൽ ദുഃഖിതനായ ഷാജഹാൻ അവരുടെ സ്‌മരണാർത്ഥം ഈ മഹാസ്‌മാരക നിർമ്മാണത്തിന് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് 22 മുതൽ 25 വർഷം വരെയെടുത്താണ് താജ് മഹൽ നിർമ്മാണം

പൂർത്തിയാക്കിയത്.