അവസാനം ആ പ്രഖ്യാപനം വന്നു; 'ദൃശ്യം 3' ഏപ്രിലിൽ തിയേറ്ററുകളിലെത്തും, വെളിപ്പെടുത്തി ജിത്തു ജോസഫ്

Tuesday 06 January 2026 3:29 PM IST

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2വും വൻ ഹിറ്റായിരുന്നു. ഇനി ദൃശ്യം 3നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ എത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ സംവിധായകൻ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോ‌ർ അഡ്വാൻ്ഡ് യൂറോ - ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

'ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയേറ്ററിൽ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും' - ജിത്തു ജോസഫ് പറഞ്ഞു.

ജിത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ദൃശ്യം. ജോർജുകുട്ടിയായ മോഹൻലാലിന് പുറമേ ദൃശ്യം സിനിമയിൽ മീന, അൻസിബ ഹസൻ, എസ്‌തർ അനിൽ, ആശാ ശരത്, ഇർഷാദ്, റോഷൻ ബഷീർ, അനീഷ് ജി മേനോൻ, കുഞ്ചൻ, കോഴിക്കോട് നാരായണൻ നായർ, പി ശ്രീകുമാർ, ശോഭ മോഹൻ, കലാഭവൻ റഹ്‌മാൻ, കലാഭവൻ ഹനീഫ്, ബാലാജി ശർമ, സോണി ജി സോളമൻ, പ്രദീപ് ചന്ദ്രൻ, അരുൺ എസ്, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വേഷമിട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഇതിൽ ഭൂരിഭാഗംപേരും ഉണ്ടായിരുന്നു. വിനു തോമസാണ് ചിത്രത്തിൽ സംഗീതം പകർന്നത്. അനിൽ ജോൺസണാണ് പശ്ചാത്തല സംഗീതം. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിർമാണം ആശിർവാദ് സിനിമാസാണ്.