പരിസരത്ത് ഈ മണങ്ങളുണ്ടോ? പാമ്പ് വീട്ടിലേക്ക് 'അതിഥി'യായി എത്തും
മഴക്കാലമായാലും വേനൽക്കാലമായാലും ആളുകളെ പേടിപ്പെടുത്തുന്ന ഒന്നാണ് പാമ്പ്. വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി ഇനത്തിൽപ്പെട്ട പാമ്പുകൾ ഇന്ന് കേരളത്തിലുണ്ട്. ഇവയെ കണ്ടാൽ ഓടി രക്ഷപ്പെടാറാണ് പതിവ്. എന്നാൽ നാം ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന വീട്ടിൽ വരെ ഇവ എത്തുന്നു.
നമ്മൾ അറിയാതെ ചെയ്യുന്ന ചില തെറ്റുകളാണ് അതിന് ഒരു കാരണം. ഭക്ഷണം, ആവാസ കേന്ദ്രം എന്നിവ തേടിയാണ് പലപ്പോഴും പാമ്പ് വീടുകളുടെ പരിസരത്ത് എത്തുന്നത്. ചില ഗന്ധം പാമ്പ് വീട്ടിലേക്ക് വരാൻ കാരണമാകും. അവ എന്തൊക്കെയെന്ന് നോക്കിയാലോ?.
അഴുകിയ ഭക്ഷണം
വീടിനകത്തോ പുറത്തോ അഴുകിയ ഭക്ഷണം ഉണ്ടെങ്കിൽ അവ എലികൾ വരാൻ കാരണമാകുന്നു. എലികളാണ് പാമ്പുകളുടെ പ്രധാന ഭക്ഷണം. എലിയുള്ള സ്ഥലം തേടി പാമ്പുകൾ വരാറുണ്ട്. അതിനാൽ ഈ മണം പരോക്ഷമായി പാമ്പിനെ വീട്ടിലെത്തിക്കുന്നു.
മാലിന്യ കൂമ്പാരം
മാലിന്യ കൂമ്പാരത്തിനടിയിൽ വേഗത്തിൽ ഒളിക്കാൻ പാമ്പുകൾക്ക് കഴിയും. അതിനാൽ വീടിനടുത്ത് മാലിന്യ കൂമ്പാരങ്ങൾ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക.
ഇറച്ചി, മീൻ
കോഴിയിറച്ചി, മീൻ തുടങ്ങിയവ വൃത്തിയാകുമ്പോൾ ഉണ്ടാകുന്ന മണം പാമ്പുകളെ ആകർഷിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് വീടിന്റെ പരിസരത്ത് ഈ കഴുകിയ വെള്ളം ഒഴിക്കുന്നതും പാമ്പ് എത്താനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
ജെെവവളം
വീട്ടുവളപ്പിലെ കൃഷിയിടങ്ങളിൽ ചാണകവും മറ്റ് ജെെവവളങ്ങളും ഉപയോഗിക്കാറുണ്ട്. ഇവയുടെ മണം ചെറിയ തവളകളെയും മറ്റും ആകർഷിപ്പിക്കും. ഈ തവളയെ പിടിക്കാൻ പാമ്പ് എത്തുന്നു.